സമുദ്രോൽപന്ന വ്യവസായ മേഖലയിലെ പ്രതിസന്ധി; അരൂർ ആശങ്കയിൽ
text_fieldsഅരൂർ: സമുദ്രോൽപാദന വ്യവസായമേഖലയിലെ പ്രതിസന്ധി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ രൂക്ഷമായി ബാധിക്കുന്നു.
പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണെന്ന് അരൂരിലെ വ്യവസായികൾ പറയുന്നു. ഇതോടെ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ആശങ്കയിലാണ്. ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയിൽ വൻ ഇടിവുണ്ടായതാണ് പ്രതിസന്ധിയുടെ ഇപ്പോഴത്തെ പ്രധാന കാരണം.
2026 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമം കർശനമാക്കാനുള്ള അമേരിക്കയുടെ തീരുമാനമാണ് മറ്റൊരാശങ്ക. സമുദ്രോൽപന്നങ്ങളുമായി വിദേശത്തേക്ക് തിരിക്കുന്ന കണ്ടെയ്നറുകൾ തിരിച്ചയക്കുന്നതും ചരക്കിന്റെ വിലക്കുറവും വ്യവസായികളെ കയറ്റുമതിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. മത്സ്യ സംസ്കരണ കയറ്റുമതി വ്യവസായികൾ അയൽ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറക്കുന്നതും കേരളത്തിന് പ്രത്യേകിച്ച് അരൂർ മേഖലക്ക് തിരിച്ചടിയാവുന്നു.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് പലരും തട്ടകം മാറ്റി. കേരളത്തിലെ ഇരുപതിലധികം പേരുടെ സ്ഥാപനങ്ങൾ നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന വനാമി ചെമ്മീൻ കേരളത്തിൽ ഉൽപാദനം ഇല്ലാത്തതാണ് കാരണം. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ ചെമ്മീൻ കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. അതുകൊണ്ട് ഈ രംഗത്തെ വ്യവസായികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീൻ കേരളത്തിലെത്തിച്ച് സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നത് ഇരട്ടി ചെലവാണ്.
മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന വനാമി ചെമ്മീൻ അവിടെ തന്നെ സംസ്കരിച്ച് അവിടുന്നുതന്നെ കയറ്റിയയക്കാനായാൽ ചെലവ് കുറക്കാമെന്ന് വ്യവസായികൾ പറയുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ ഓരോന്നായി മറ്റു സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടാൽ ഈ മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടാകും.
സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 6,500 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്തിന് നേടിക്കൊടുത്ത വ്യവസായം ഇല്ലാതാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
മാമൽ പ്രൊട്ടക്ഷൻ നിയമം പുതിയ ഭീഷണി
2026 ജനുവരി ഒന്നു മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യു.എസ് കർശനമാക്കും. അതിനു മുമ്പ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവക്ക് ഭീഷണിയാകില്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടിയാകുമെന്ന് കയറ്റുമതി വ്യവസായികൾ പറയുന്നു. ആമ മുതൽ തിമിംഗലം വരെ സസ്തനികൾ കയറ്റുമതിക്ക് ഭീഷണി ഉയർത്തുന്നു. ഇന്ത്യൻ സമുദ്രങ്ങളിലെ മത്സ്യബന്ധനം സസ്തനികൾക്കു ഭീഷണിയാകില്ലെന്ന് സ്ഥാപിച്ചില്ലെങ്കിൽ കയറ്റുമതി തിരിച്ചടിയാകും.
തൊഴിൽ നഷ്ടപ്പെടുന്നത് ആയിരങ്ങൾക്ക്
സംസ്ഥാനത്ത് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ രംഗത്ത് പണിയെടുക്കുന്നത്. 90 ശതമാനവും സ്ത്രീത്തൊഴിലാളികളാണ്. സംസ്ഥാനത്ത് അരൂരിലാണ് കൂടുതൽ തൊഴില് നഷ്ടം ഉണ്ടാകാൻ പോകുന്നത്. സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങൾ കൂടുതലും പ്രവർത്തിക്കുന്നത് അരൂർ മണ്ഡലത്തിലാണ്. അനുബന്ധ വ്യവസായമായ പീലിങ് ഷെഡുകൾ, ഐസ് പ്ലാന്റുകൾ, കാർട്ടൻ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളും നിരവധി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ പീലിങ് ഷെഡുകളുടെ പ്രവർത്തനം വ്യവസായ പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ സ്തംഭനാവസ്ഥയിലായി. ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ അപൂർവം ഷെഡുകൾ മാത്രമാണ് ഭാഗികമായി പ്രവർത്തിച്ചിരുന്നത്. ഓരോ പീലിങ് ഷെഡിനെയും ആശ്രയിച്ച് 50 മുതൽ 300 വരെ തൊഴിലാളികളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.