അരൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; കർശന പരിശോധന
text_fieldsഅരൂർ: അരൂരിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ഒന്നരമാസത്തിനുള്ളിൽ നൂറിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കലക്ടറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥ സംഘം അരൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്തിലെ ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.
സമുദ്രോൽപന്ന സംസ്കരണ ശാലകൾ, ചെമ്മീൻ പീലിങ് ഷെഡ്ഡുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നു. രണ്ട് ദിവസം കൊണ്ട് തന്നെ 60 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭൂരിഭാഗം സ്ഥലങ്ങളിലും മാലിന്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ആദ്യഘട്ടത്തിൽ സംഘം മാലിന്യത്തിന്റെയും മറ്റും ഫോട്ടോയെടുത്ത് രണ്ടുദിവസത്തിനുള്ളിൽ സംസ്കരിക്കാൻ നിർദേശിച്ച് നോട്ടീസ് നൽകും. മാലിന്യം ഇട്ടിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ നോട്ടീസ് നൽകും.
മാലിന്യമുണ്ടെന്നും അത് നീക്കം ചെയ്യാം എന്നും വ്യക്തമാക്കി സ്ഥാപനങ്ങൾ സാക്ഷ്യപത്രം നൽകണം. 48 മണിക്കൂറിനുള്ളിൽ ശുചീകരിക്കണം. സാക്ഷ്യപത്രം നൽകാത്ത സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തി, ഒരാഴ്ചക്കകം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിയമ നടപടികളായി മുന്നോട്ടുപോകും.
മലിനജലം കെട്ടിക്കിടക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ പല ക്യാമ്പുകളും രോഗങ്ങൾ പരത്തുന്നവയാണ്. ബന്ധപ്പെട്ടവർക്ക് ഉദ്യോഗസ്ഥർ കർശന നിർദേശങ്ങൾ നൽകി. 30 വരെ പരിശോധന തുടരും. സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത അരൂരിൽ കൂടുതലാണെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.