അരൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു
text_fieldsഅരൂര്‍: മഴ തുടങ്ങിയതോടെ അരൂരില്‍ ഡെങ്കിപ്പനി വ്യാപകമായി. ഒരു മാസത്തിനിടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി. കൊതുകുകള്‍ വളരാന്‍ സാഹചര്യമുള്ള ഇടങ്ങളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം വാക്കാലും പിന്നീട് നോട്ടീസ് മുഖാന്തിരവും നിര്‍ദ്ദേശം നല്കി. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആദ്യ കേസ് ആലപ്പുഴയില്‍ നിന്ന് കോടതിക്ക് കൈമാറി. ഇത് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.
അരൂര്മുക്കത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഇ.എസ്. ട്രേഡേഴ്സിനെതിരെയാണ് കേസ് എടുത്തത്. ആക്രി സാധനങ്ങളടക്കം കൈകാര്യം ചെയ്യുന്ന ഇവിടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം വാക്കാല്‍ നിര്‍ദ്ദേശം നൽകിയിരുന്നു. പിന്നീട് നോട്ടീസ് നല്‍കിയിട്ടും ഇവര്‍ പരിഹാരനടപടികള്‍ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് പൊതുജനാരോഗ്യ ബില്‍ അടിസ്ഥാനപ്പെടുത്തി കേസെടുത്ത് കോടതിക്ക് കൈമാറിയത്. സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു കേസ് എടുത്തത് കോഴിക്കോട് ജില്ലയിലാണ്. രണ്ടാമത്തെ കേസാണിത്. എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ ചുമതലയുള്ള ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ഓഫിസര്‍ കൂടിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടർ എസ്. സോളിമോന്‍ ആണ് കേസെടുത്തത്. ഇദ്ദേഹത്തിന് മെഡിക്കല്‍ ഓഫിസര്‍ ഡോ. സുമേഷ് ശങ്കറിന്റെ പിന്തുണയുമുണ്ടായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു, കുമാരി, ആദിത്യ എന്നിവരാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.