'കുലം' നശിപ്പിച്ച് മല്ലിക്കക്ക വാരൽ; പിടികൂടാൻ ഫിഷറീസ് വകുപ്പ്
text_fieldsഅരൂർ: വേമ്പനാട്ടുകായലിൽ കക്കസമ്പത്ത് വർധിപ്പിക്കുന്നതിനാവശ്യമായ നടപടികളുമായി ഫിഷറീസ് വകുപ്പ് മുന്നോട്ട് പോകുന്നതിനിടെ നിരോധിത മല്ലിക്കക്ക (ചെറിയ കക്ക) വാരൽ തകൃതി. മല്ലിക്കക്ക വാരിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫിഷറീസ് വകുപ്പ്. നിയമലംഘനം നടത്തിയാൽ ആറുമാസം തടവും 15,000 രൂപ പിഴയും നൽകണം.
വേമ്പനാട്ടുകായലിൽനിന്ന് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളാണ് അരൂർ മണ്ഡലത്തിലുള്ളത്. എന്നാൽ, ഉപജീവനത്തിനായുള്ള ഓട്ടത്തിൽ പലരും കക്കയുടെ വലുപ്പച്ചെറുപ്പം നോക്കാറില്ല. ചെറിയ കക്ക വാരിയെടുക്കുന്നത് സ്വാഭാവികപ്രജനനത്തിനു തടസ്സം സൃഷ്ടിക്കുകയും കക്കസമ്പത്ത് ഗണ്യമായി കുറയാൻ ഇടയാക്കുകയുമാണ്. വംശനാശത്തിനുതന്നെ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പരിശോധനസംഘത്തെ നിയോഗിച്ചത്. ബോട്ടിൽ മിന്നൽവേഗത്തിലെത്തി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി തൊഴിലാളികളെ കഴിഞ്ഞദിവസം പിടികൂടി. വള്ളത്തിൽ വാരിക്കൂട്ടിയ മല്ലിക്കക്ക തിരികെ കായലിൽ നിക്ഷേപിച്ചു. ഇവരിൽനിന്ന് പിഴ ഈടാക്കുകയും തൊഴിലുപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
20 മില്ലീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കക്കകൾ മാത്രമേ വാരിയെടുക്കാവൂ. കൊല്ലിവലയുടെ (വള്ളത്തിൽ നിന്നുകൊണ്ടുതന്നെ അടിത്തട്ടിൽനിന്ന് കക്കവാരിയെടുക്കാൻ മുളയിൽ ഇരുമ്പും വലയും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ഉപകരണം) കണ്ണികൾക്ക് 20 മില്ലീമീറ്ററിലധികം വലുപ്പമുണ്ടാകണം. അല്ലാത്തവയുമായി കായലിലിറങ്ങിയാൽ വള്ളങ്ങളുൾപ്പെടെ പിടികൂടുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കക്കസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കക്കസംരക്ഷിത ഇടങ്ങളായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മല്ലിക്കക്ക നിക്ഷേപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.