കൈക്കൂലി ചോദിച്ചെന്നാക്ഷേപം; അരൂര്‍ വില്ലേജ് ഓഫിസില്‍ തര്‍ക്കവും സംഘര്‍ഷവും
text_fieldsഅരൂര്‍: തോടിന് സമീപം പൂഴിയിറക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപണം, അരൂര്‍ വില്ലേജില്‍ തര്‍ക്കവും സംഘര്‍ഷവും.
വില്ലേജ് ഓഫിസറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. അജിത്ത്കുമാറും തുറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ദേശീയപാതയോരത്തെ ഓഫിസില്‍ ഉണ്ടായ ബഹളം അറിഞ്ഞ് നിരവധിയാളുകളും അരൂര്‍ പൊലീസും ചേര്‍ത്തല തഹസില്‍ദാര്‍ ആര്. ഉഷയും സ്ഥലത്തെത്തി.
നാസര്‍ എന്ന വ്യക്തി തന്റെ വീടിനോട് ചേര്‍ന്ന തോടരികില്‍ പൂഴിയിറക്കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങളുടെ തുടക്കമത്രെ. പൂഴിയിറക്കിയതിനെതിരെ പരാതി ലഭിച്ചപ്പോള്‍ ഇതിനെതിരെ വില്ലേജ് സ്റ്റോപ് മെമ്മോ നല്കി. തുടര്‍ നടപടി എടുക്കാതിരിക്കാനും നിയമപ്രകാരം ക്രമപ്പെടുത്താനും പണം ചോദിച്ചു എന്നാണ് നാസര്‍ പറയുന്നത്. ഇക്കാര്യം അറിയിച്ചപ്പോള്‍ അത് ചോദിക്കാനാണ് സി.പി.ഐ. മണ്ഡലം സെക്രട്ടറി വില്ലേജ് ഓഫിസില്‍ എത്തിയത്. കാര്യങ്ങള്‍ കൈവിട്ടതോടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി ആ വകുപ്പ് കൈയാളുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് തന്നെ കൊമ്പു കോര്ക്കേണ്ടിവരികയായിരുന്നു.
ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി എന്നതാണ് വില്ലേജ് ഓഫിസര്‍ അടക്കമുള്ളവര്‍ പറയുന്നത്. ഒപ്പം മറ്റ് ജീവനക്കാരെ കൈയേറ്റം ചെയ്തു എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാറും ഇതിന് സമാനമായ റിപ്പോര്‍ട്ടാണ് ജില്ല കലക്ടര്‍ക്ക് നല്‍കിയതെന്നും സൂചനയുണ്ട്. വില്ലേജ് ഓഫിസര്‍ മഹേഷ്, ഉദ്യോഗസ്ഥരായ ജോണി, ശ്രീകുമാര്‍ എന്നിവരാണ് തുറവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, പണം ചോദിച്ചതുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കാനെത്തിയ പൊതുപ്രവര്‍ത്തകനായ തന്നെ ആക്രമിച്ചു എന്ന നിലപാടാണ് അജിത്ത് കുമാറിന്. ഇദ്ദേഹവും തുറവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.