ഉയരപ്പാത: വീണ്ടും വൻ ഗതാഗതക്കുരുക്ക്
text_fieldsഅരൂർ: ഉയരപ്പാത നിർമാണത്തിനൊപ്പം കനത്തമഴയും എത്തിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാരെ തെരുവിൽ തളച്ചിട്ടത് മണിക്കൂറുകൾ. ഗതാഗത തടസ്സം മുൻകൂട്ടി കണ്ട് എറണാകുളം ഭാഗത്തേക്ക് പോകാൻ പുലർച്ച യാത്രക്കിറങ്ങിയവരും നട്ടംതിരിഞ്ഞു. വിലക്ക് ഉണ്ടായിട്ടും കണ്ടെയ്നർ ഉൾപ്പെടെ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ നിരവധിയാണ് ഇടുങ്ങിയ റോഡിലൂടെ കടന്നുവന്നത്. ഗതാഗതം താങ്ങാനാവാതെ അരൂർ -അരൂക്കുറ്റി റോഡ് നിലച്ചത് മണിക്കൂറുകൾ. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത അത്ര രരൂക്ഷമായ ഗതാഗത തടസ്സമാണ് ഈ റൂട്ടിലുണ്ടായത്.
അരൂർ അമ്പലം ജങ്ഷനിൽനിന്ന് തുടങ്ങിയ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ കടന്ന് ആയിരത്തെട്ട്, വടുതല ജങ്ഷൻ വരെയെത്തി. മണിക്കൂറുകൾ എടുത്തിട്ടും ഈ ദൂരം കടക്കാൻ കഴിയാതെ വാഹനയാത്രികർ നട്ടം തിരിഞ്ഞു. ശക്തമായ മഴ ദുരിതം ഇരട്ടിച്ചു. ജോലിക്ക് സമയത്ത് എത്താനാകാതെ നിരവധി പേരാണ് ഇടക്കിറങ്ങിയത്. തിരിച്ചു പോകാൻ കഴിയാതെ ഇവർ വഴിയിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഗതാഗതതടസ്സം ഉച്ചയായിട്ടും തീർക്കാനായിരുന്നില്ല.
വലിയ വാഹനങ്ങൾ ആലപ്പുഴ ഭാഗത്തേക്ക് കടത്തിവിടരുതെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും അരൂർ -തുറവൂർ ദേശീയപാതയിലൂടെയും തൈക്കാട്ടുശ്ശേരി -അരൂക്കുറ്റി വഴിയും ദിവസേന നൂറുകണക്കിന് വലിയ വാഹനങ്ങളാണ് കടന്നുവരുന്നത്. ഇവയുണ്ടാക്കുന്ന ട്രാഫിക് തടസ്സങ്ങൾക്ക് പുറമെ, വാഹനനിര തെറ്റിച്ച് അനധികൃതമായി കടന്നുവരുന്ന സ്വകാര്യ ബസുകൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കും യാത്രക്കാരെ ശരിക്കും കഷ്ടത്തിലാക്കി.
രോഗികളും മൃതദേഹങ്ങളുമൊക്കെയായി വന്ന നിരവധി ആംബുലൻസുകളും ഗതഗതക്കുരുക്കിലമർന്ന് മുന്നോട്ടു പോകാനാകാതെ ക്ലേശിച്ചു. രാവിലെ മുതൽ അരൂരിലെ എല്ലാ ഇടറോഡുകളും സ്തംഭിച്ചു. അരൂരിലെ പല അൺഎയ്ഡഡ് സ്കൂളുകളും സ്വന്തം നിലയിൽ അവധി പ്രഖ്യാപിച്ചത് ആശ്വാസമായി. എന്നാൽ അവധി പ്രഖ്യാപിക്കാൻ രാവിലെ വരെ കാത്തിരുന്നത് പൊല്ലാപ്പായി. ചില സ്കൂളുകളിലെ ബസുകൾ 12 മണിയായിട്ടും സ്കൂളുകളിൽ എത്താതെ ഗതാഗതക്കുരുക്കിലായിരുന്നു. വടുതലയിൽനിന്ന് പൂച്ചാക്കൽ വഴി തുറവൂരിലെത്തി പടിഞ്ഞാറേക്ക് യാത്ര ചെയ്ത് കുമ്പളങ്ങി റോഡിലൂടെ പള്ളുരുത്തിയിലെത്തി എറണാകുളത്തേക്ക് പോകുന്ന അത്യാവശ്യ യാത്രക്കാരുമുണ്ടായിരുന്നു.
ഒടുവിൽ ഉച്ചയോടെ നാട്ടുകാർ രംഗത്തിറങ്ങിയാണ് ഗതാഗതനിയന്ത്രണം ഏറ്റെടുത്തത്. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ബൈപാസ് കവലയിൽ തടഞ്ഞ് പോകേണ്ട സ്ഥലം അന്വേഷിച്ച് ആലപ്പുഴ ഭാഗത്തേക്കാണെങ്കിൽ സ്റ്റേറ്റ് ഹൈവേ വഴി തോപ്പുംപടി റോഡിലൂടെ പള്ളുരുത്തിയിലേക്ക് തിരിച്ചുവിട്ടാണ് ഗതാഗതതിരക്ക് കുറയെങ്കിലും പരിഹരിച്ചത്. 20ലധികം ട്രാഫിക് വളണ്ടിയർമാരെ നിയോഗിക്കാൻ അരൂർ -തുറവൂർ ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്.
അരൂക്കുറ്റി റോഡ് വഴി എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങളും ദേശീയപാതയുടെ കിഴക്ക് റോഡിലൂടെ എറണാകുളത്തേക്ക് വരുന്ന വാഹനങ്ങളും അരൂർ ക്ഷേത്രം കവലയിൽ വലിയ തിരക്കാണ് ഉണ്ടാക്കിയത്. വാഹന നിയന്ത്രണത്തിന് മതിയായ ട്രാഫിക് പരിജ്ഞാനമുള്ളവരില്ലാത്തത് ഗതാഗതക്കുരുക്ക് സങ്കീർണമാക്കി. ഇതിനിടെ എറണാകുളം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്ക് ഓർഡിനറി ബസുകൾ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ അനുവദിച്ചത് ആശ്വാസമായി. വഴിയിൽ കേടായിക്കിടന്ന് തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾ പൊക്കി മാറ്റുന്ന റിക്കവറി വാൻ അരൂർ തുറവൂർ ജനകീയ സമിതിക്ക് ഒരാൾ സൗജന്യമായി നൽകിയതും ഗുണകരമായി.
നിർദ്ദേശങ്ങളും തീരുമാനങ്ങളും അറിയിക്കുന്നതല്ലാതെ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. യുദ്ധകാലടിസ്ഥാനത്തിൽ സർവിസ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ദേശീയപാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ജനകീയ സമിതികളും യാത്രക്കാരും സർക്കാരിനോട് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.