ഉയരപ്പാത നിർമാണം: യാത്രാദുരിതം പരിഹരിക്കാൻ ബോട്ട് സർവിസ് വേണമെന്ന് എം.എൽ.എ
text_fieldsഅരൂർ: അരൂർ - തുറവൂർ ദേശീയപാതയിലെ യാത്രാദുരിതം നിയമസഭയിൽ വിവരിച്ച് ദലീമ എം.എൽ.എ. പ്രശ്നം പരിഹരിക്കാൻ വേഗ സൂപ്പർഫാസ്റ്റ് ബോട്ട് സർവിസ് പുനരാരംഭിക്കാനും മറ്റ് ബോട്ട് സർവിസുകൾ ആരംഭിക്കാനും സബ്മിഷനിൽ എം.എൽ.എ ആവശ്യപ്പെട്ടു.
യാത്രക്കാർ ഇല്ലാത്തതിനാലാണ് വേഗ സർവിസ് നിർത്തിയതെന്നാണ് നിയമസഭയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ മറുപടി. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന ആരോപണം ശക്തമാണ്.
വൈക്കത്തുനിന്ന് കായൽമാർഗം എറണാകുളത്തേക്ക് സർവിസ് നടത്തിയിരുന്ന വേഗ സൂപ്പർഫാസ്റ്റ് എ.സി ബോട്ട് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. നിറയെ യാത്രക്കാരുമായാണ് സർവിസ് നടത്തിയിരുന്നത്. കോവിഡ് എത്തിയതോടെ ബോട്ട് സർവിസ് നിർത്തുകയായിരുന്നു. എല്ലാ മേഖലയിലും ഇളവുകൾ അനുവദിച്ചിട്ടും ‘വേഗ’യ്ക്കുമാത്രം ഇളവ് ലഭിച്ചില്ല. എത്രയും പെട്ടെന്ന് സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാരും മടുത്തു. ഇതിനിടെ കഴിഞ്ഞിടയിലാണ് വേഗ ബോട്ട് വൈക്കത്തുനിന്ന് എറണാകുളത്ത് സർവിസ് നടത്താൻ കൊണ്ടുപോയത്.
2018 നവംബർ നാലിനാണ് വൈക്കത്തു നിന്ന് എറണാകുളത്തേക്ക് സർവിസ് ആരംഭിച്ചത്.
വൈക്കത്തുനിന്ന് രാവിലെ 7.30ന് എറണാകുളത്തേക്ക് പുറപ്പെട്ടിരുന്ന വേഗ, 1.45 മണിക്കൂർകൊണ്ടാണ് എറണാകുളത്ത് എത്തിയിരുന്നത്. പിന്നീട് കൊച്ചി കമാലക്കടവിൽ 20 മിനിറ്റ് ഇടവേളയിൽ സർവിസ് നടത്തിയശേഷം വൈകീട്ട് 5.30ന് തിരിച്ച് വൈക്കത്ത് എത്തുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവർക്കും സാധനങ്ങൾ വാങ്ങാൻ പോകുന്ന ചെറുകിട വ്യാപാരികൾക്കും ഈ ബോട്ട് സർവിസ് ഏറെ പ്രയോജനകരമായിരുന്നു. ഗതാഗതത്തിരക്കോ കുലുക്കമോ ഇല്ലാതെ യാത്ര ചെയ്യാമായിരുന്നു.
കോവിഡ് രൂക്ഷമായപ്പോൾ വൈക്കം - തവണക്കടവ് ബോട്ട് സർവിസ് നിലച്ചതോടെയാണ് വേഗയും സർവിസ് നിർത്തിയത്. വേഗയുടെ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ബോട്ട് എറണാകുളത്തേക്ക് ലോക്കൽ സർവിസിനായി കൊണ്ടുപോയത്. വേഗ വൈക്കത്തേക്ക് തിരികെ കൊണ്ടുവരണമെന്നും വൈക്കം - എറണാകുളം ബോട്ട് സർവിസ് പുനരാരംഭിക്കണമെന്നും വൈക്കം നഗരസഭയും യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു.
ബോട്ട് സർവിസ് ആരംഭിക്കണം
അരൂർ: അരൂക്കുറ്റിയിൽനിന്ന് എറണാകുളത്തേക്ക് ബോട്ട് സർവിസ് ആരംഭിക്കണമെന്ന് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് വെള്ളേഴത്ത് ആവശ്യപ്പെട്ടു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആയിരുന്നപ്പോൾ ഫണ്ട് അനുവദിപ്പിച്ച് അരൂക്കുറ്റി ബോട്ട് ജെട്ടി ബോട്ട് അടുപ്പിക്കാവുന്ന വിധത്തിൽ ഡ്രഡ്ജിങ് നടത്തി ആഴംകൂട്ടിയതാണ്. ജലഗതാഗത വകുപ്പ് ബോട്ട് കൊണ്ടുവന്ന് പരീക്ഷണവും നടത്തിയിരുന്നു. പനങ്ങാട് ബോട്ട് ജെട്ടിയിൽ ബോട്ടടുക്കാത്തവിധം ചളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. അരൂക്കുറ്റിയിൽനിന്ന് പനങ്ങാട്ടേക്കെങ്കിലും ബോട്ട് സർവിസ് ആരംഭിച്ചാൽ യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.