ഉയരപ്പാത നിർമാണം; ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsദേശീയപാതയിൽ അപകട സ്ഥലത്ത് തളംകെട്ടിനിന്ന ചോര നാട്ടുകാർ കഴുകിക്കളയുന്നു
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമിക്കുന്ന ദേശീയപാതയിൽ അപകടം തുടർക്കഥ. ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒന്നര മാസത്തിനിടെ ഏഴ് ജീവനാണ് പൊലിഞ്ഞത്. ഉയരപ്പാത നിര്മാണം തുടങ്ങിയശേഷം ഇതിന്റെ എണ്ണം നാൽപതോളം വരും. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ തുറവൂർ തിരുമലഭാഗം വലിയ വീട്ടിൽ പ്രവീൺ ആർ. പൈയാണ് (38) മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് തെന്നി മണ്ണുമാന്തിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു.
അപകടമരണങ്ങൾ വർധിച്ചിട്ടും സുരക്ഷയൊരുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം അണപൊട്ടി. അപകടത്തിന് പിന്നാലെ നിമിഷനേരം കൊണ്ട് തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ അപകട സ്ഥലത്ത് പ്രതിഷേധിച്ചു. ഗതാഗതസ്തംഭനവും തുടർഅപകടങ്ങളും പരിഹരിക്കാൻ അധികൃതരുടെ കൂടെക്കൂടെയുള്ള ഉന്നതതല യോഗങ്ങളെയും ജനം പരിഹസിച്ചു.
കലക്ടർ ഉൾപ്പെടെയുള്ളവരുടെ സന്ദർശനങ്ങളെയും അധികൃതരുടെ നിർദേശങ്ങൾക്ക് നിർമാണ കമ്പനി നൽകുന്ന അവഗണനയെ നാട്ടുകാർ ചോദ്യം ചെയ്തു. വി.ഐ.പികളുടെ ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് പൊലീസ് നൽകുന്ന അകമ്പടികളെ നാട്ടുകാർ വിമർശിച്ചു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടായാൽ പോലും പൊലീസ് തിരിഞ്ഞുനോക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
മഴ എത്തുന്നതിനു മുമ്പ് പരമാവധി ഉയരപ്പാത നിർമാണം പൂർത്തീകരിക്കുന്നതിന് ദ്രുതഗതിയിലാണ് പണികൾ നീങ്ങുന്നത്. എന്നാൽ, സുരക്ഷാ ക്രമീകരണം പാലിക്കുന്നില്ലെന്ന് നിർമാണ കമ്പനിക്കെതിരെ വിമർശനം ശക്തമാണ്. ഭാരവാഹനങ്ങൾക്ക് ദേശീയപാതയിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസവും എറണാകുളത്ത് ഉന്നതതല യോഗം ഇതിനുവേണ്ടി നടന്നിരുന്നു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിന്റെ അധ്യക്ഷതയിൽ എറണാകുളം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഭാരവാഹനങ്ങൾക്ക് വീണ്ടും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഭാര വാഹനങ്ങളെ ദേശീയ പാതക്ക് പകരം വിവിധ പഞ്ചായത്തുകളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ച് വിടാനാണ് തീരുമാനം. കുമ്പളം ടോൾ പ്ലാസക്ക് ഇപ്പുറത്തേക്ക് വലിയ വാഹനങ്ങളെ കടത്തിവിടാതിരിക്കാൻ പൊലീസ് ഡ്യൂട്ടി ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു..
തൃശൂർ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങളെല്ലാം അങ്കമാലിയിൽനിന്ന് എം.സി റോഡ് വഴി വേണം പോകാൻ. നിർമാണ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം. യോഗം കഴിഞ്ഞിട്ട് നാളുകളായെങ്കിലും തീരുമാനങ്ങളൊന്നും നടപ്പായില്ല. ഉന്നതരുടെ ഇത്തരം അലംഭാവങ്ങളാണ് നിരപരാധികളുടെ ജീവനെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.