Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂരിലെ കോളനികളിൽ...

അരൂരിലെ കോളനികളിൽ അറുതിയില്ലാത്ത ദുരിതം

text_fields
bookmark_border
അരൂരിലെ കോളനികളിൽ അറുതിയില്ലാത്ത ദുരിതം
cancel
camera_alt

പ​കു​തി​ഭാ​ഗം ത​ക​ർ​ന്നതി​നെതു​ട​ർ​ന്ന്​ ഉ​പേ​ക്ഷി​ച്ച വീട്​

Listen to this Article

അരൂർ: അരൂരിലെ കോളനിവാസികളുടെ ദുരിതങ്ങൾക്ക് അറുതിയില്ല. ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട്, പട്ടികജാതി കോളനികളുടെ ശോച്യാവസ്ഥയാണ് പരിഹാരമില്ലാതെ തുടരുന്നത്. മൂന്ന് ലക്ഷംവീട് കോളനികളാണിവിടെ; അങ്കമാലിവെളി, മാടവന, കിളിയന്തറ എന്നിവ. പട്ടിക വർഗത്തിൽപെട്ടവർ മാത്രം താമസിക്കുന്നതാണ് ഇരുപത്തിരണ്ടാം വാർഡിലെ കളപ്പുരക്കൽ കോളനി. പട്ടികജാതി കോളനികൾ വേറെയുമുണ്ട്.

അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന കോളനികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. ലക്ഷംവീട് കോളനികളിൽ ഇരട്ടവീടുകൾ ഒറ്റവീടുകളാക്കാനുള്ള പരിഷ്കാരം പൂർണമായി വിജയിച്ചിട്ടില്ല. സർക്കാർ പട്ടികജാതിക്കാർക്ക് നൽകിയ വീടുകളിൽ പലതും ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. പട്ടികജാതി വകുപ്പിന് ഫണ്ട് നൽകി ഈ വിഭാഗത്തിലുള്ളവർക്ക് വീട് നിർമിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ലൈഫ്പദ്ധതി വന്നതോടെ പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ മുൻഗണനക്രമം തകിടം മറിഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്ന പല വീടുകളും പാതിവഴിയിൽ നിലച്ച മട്ടാണ്.

വെള്ളക്കെട്ടും പൊതുവഴികളുടെ അഭാവവും മാലിന്യവുമാണ് കോളനികളിലെ എടുത്തു പറയേണ്ട ദുരിതം. കുടിവെള്ളത്തിന് പല കോളനികളിലും ഇപ്പോഴും പൊതുടാപ്പുകളെ ആശ്രയിക്കുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് വൈദ്യുതീകരണത്തിന് വയറിങ് നടത്തിയ പല വീടുകളിലും വൈദ്യുതി ചാർജ് ഭീമമാണ്. പഴയ വയറുകൾ മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാത്തത് തിരിച്ചടിയാണ്.

കോളനികളിൽ പഴയ റിങ് കക്കൂസ് മാറ്റി സ്ഥാപിക്കാത്തതും, സെപ്റ്റിക് ടാങ്കുകൾ ഇല്ലാത്തതും, കുടിവെള്ളത്തിൽ മാലിന്യം കലർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കോളനികൾക്കരികിലെ തോടുകൾ മാലിന്യക്കുഴികളാണ്. ഒഴുക്ക് നിലച്ച് മാലിന്യം കെട്ടിക്കിടക്കുന്ന ഈ തോടുകൾ കോളനി നിവാസികൾക്ക് ശാപമാണ്. ഇവ ശുചീകരിച്ച് കല്ല് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കോളനി നടവഴിയിൽ കാന പണിത് വെള്ളക്കെട്ട് ഒഴിവാക്കാനുമാകും. മാലിന്യനിർമാർജനത്തിനും ആരോഗ്യപരിപാലനത്തിനും കോളനികളിൽ പഞ്ചായത്തിന് സ്ഥിര സംവിധാനമില്ല. കോളനികളുടെ ക്ഷേമം നടപ്പാക്കാൻ ഒരു ഗവേണിങ് ബോഡി നിലവിൽ വരണം എന്നാണ് കോളനിവാസികളുടെ ആവശ്യം.

കഴ്വിടാമൂല കോളനി

കഴ്വിടാമൂല പട്ടികജാതി വിഭാഗത്തിൽപെട്ടവർ ഒന്നിച്ച് താമസിക്കുന്ന കോളനിയാണ്. പഞ്ചായത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നവരാണ് ഇവിടെയുള്ളത്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് തടസ്സമായി, ഇരുപതടിയോളം ഉയരത്തിൽ തീരദേശ റെയിൽവേ ഇവിടെ സ്ഥിതിചെയ്യുന്നു. കോളനിയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും സാധ്യമല്ലാത്ത സ്ഥിതിയാണ്. നിർമാണസാമഗ്രികൾ കോളനിയിലെത്തിക്കാൻ കഴിയില്ല. പൊതുതോട് കടന്നുപോകുന്നതിന് റെയിൽവേ വഴിയൊരുക്കിയിട്ടുണ്ട്.

തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാൽ കോളനിയിലേക്ക് വഴി ഒരുക്കാം. റെയിൽവേ നിലവിൽ വന്ന കാലം മുതൽ വഴിക്കുവേണ്ടി കോളനി നിവാസികൾ ശ്രമിച്ചു തുടങ്ങിയതാണ്. തോടിന്റെ അരികിലൂടെ ഒരാൾക്ക് നടന്നുപോകാൻ മാത്രം കഴിയുന്ന തരത്തിൽ ഒരു വഴിയാണ് ഇപ്പോഴുള്ളത്.

ചന്തിരൂർ ഇളയപാടം

ഇളയപാടം പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു എന്ന വാർത്ത ജനപ്രതിനിധികളിൽ വലിയ ആവേശമാണ് ഉണർത്തിയത്. സമീപപ്രദേശങ്ങളിലെ കൃഷി നിലങ്ങളിൽനിന്നും കായലിൽ നിന്നും ക്രമാതീതമായി ഉയരുന്ന ഉപ്പുവെള്ളം പുരയിടങ്ങളിലും വീടുകളിലേക്കും കയറുന്നത് പതിവാണ്.

സംരക്ഷണഭിത്തിയും കൽക്കെട്ടുമാണ് പരിഹാരം. തൊണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇളയപാടം പട്ടികജാതി കോളനിയിൽ വെള്ളക്കെട്ടാണ് പ്രധാന ദുരിതം. തീരപ്രദേശത്ത് കൽക്കെട്ട് നടത്തണം പടന്നയിൽ റോഡ് ഭിത്തികെട്ടി സംരക്ഷിക്കണം. കോളനിവാസികളുടെ പൊതുകാര്യങ്ങൾ കൂട്ടമായിരുന്നു സംസാരിക്കാനുള്ള ഇടമാകാൻ കഴിയുംവിധം അംഗൻവാടി കെട്ടിടവും വായനശാലയും നിർമിക്കണമെന്നാണ് ആവശ്യം. സമാനമായ ഇല്ലായ്മകളുമായി കഴിയുന്ന മറ്റ് എല്ലാ കോളനികളുടെയും സമഗ്ര വികസനത്തിന് സർക്കാറിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് അരൂരിലെ കോളനി നിവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aroorlaksham veedu colony
News Summary - Endless misery in the colonies of Aroor
Next Story