അരൂരിൽ ഉൾനാടൻ കായൽ വിനോദസഞ്ചാരത്തിന് അനന്തസാധ്യത
text_fieldsഅരൂർ: അരൂർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളും കായൽ ഗ്രാമങ്ങളാണ്. ഉൾനാടൻ വിനോദസഞ്ചാരത്തിന് അതിരില്ലാത്ത സാധ്യതകളാണ് ഓരോ പഞ്ചായത്തിലും. അനേകം ഗ്രാമവാസികൾക്ക് ഉപജീവനത്തിന് ആശ്രയിക്കാവുന്ന ഈ തൊഴിൽ മേഖലയെ ഉണർത്താൻ ബന്ധപ്പെട്ടവർക്ക് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് അരൂരിന്റെ ശാപം. അരൂർ മേഖലയിൽ പ്രതീക്ഷയോടെ പച്ചപിടിച്ചുവെന്നതാണ് ഉൾനാടൻ കായൽ വിനോദസഞ്ചാരം.
നിരവധി കായലുകളെ ബന്ധിപ്പിക്കുന്ന വിശാലമായ തോടുകൾ, കയറുപിരി, ചെമ്മീൻ കിള്ള്, മത്സ്യബന്ധനം, തെങ്ങ് ചെത്ത് തുടങ്ങി നിരവധി ഗ്രാമീണ ജോലികളുടെ നേർക്കാഴ്ചകൾക്കുള്ള അവസരം. ശാന്തസുന്ദരവും സ്വച്ഛവുമായ അന്തരീക്ഷം, സദാസമയവും വീശുന്ന തണുത്ത കാറ്റ് ഇവയൊക്കെ ആസ്വദിക്കാൻ പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങളിൽനിന്ന് സഞ്ചാരികൾ കുത്തിയതോട് മേഖലയിൽ എത്താറുണ്ട്.
വിവിധതരം മത്സ്യങ്ങളെ പാകപ്പെടുത്തി കഴിക്കാനും നാടൻ വിഭവങ്ങൾ ആസ്വദിക്കാനും വിനോദസഞ്ചാരികൾക്ക് പ്രിയമാണ്. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായലും അനുബന്ധമായ ഇടത്തോടുകളും മത്സ്യപ്പാടങ്ങളും കടലോളം എത്തുന്ന തോടുകളുമാണ് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
വിദേശ-സ്വദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തുന്നവർ ഗ്രാമീണ ജീവിതങ്ങളുടെ നേരനുഭവങ്ങളും നേർക്കാഴ്ചകളുമാണ് ആഗ്രഹിക്കുന്നത്. തഴുപ്പ് ഗ്രാമം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി ഈ ടൂറിസ്റ്റ് മേഖലയെ തദ്ദേശീയരായ ചിലർ വികസിപ്പിച്ചെടുത്തിരുന്നു. വേമ്പനാട്ടുകായലും കൈതപ്പുഴ കായലും ചുറ്റിക്കിടക്കുന്ന അരൂർ മണ്ഡലത്തിലെ നിരവധി പഞ്ചായത്തുകളിൽ ഉത്തരവാദിത്ത ടൂറിസം വികസിപ്പിച്ച് ഗ്രാമീണരെ കൂടി ഉൾപ്പെടുത്തുന്ന വിനോദസഞ്ചാര മേഖല വികസിപ്പിച്ചെടുക്കാൻ ഇനിയും കഴിയും.
അരൂർ നിയോജകമണ്ഡലത്തിലെ കായൽ പരപ്പുകളും തോടുകളും പച്ചത്തുരുത്തുകളും ഉൾനാടൻ കായൽ വിനോദസഞ്ചാര വികസനത്തിന് അനുയോജ്യമായ ഘടകങ്ങളാണ്.
ഇവയെല്ലാം കോർത്തിണക്കി സർക്യൂട്ട് ടൂറിസത്തിന് വലിയ സാധ്യതകളാണുള്ളത്. സർക്യൂട്ട് ടൂറിസത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ച് അന്ധകാരനഴിയിലും കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായൽക്കരയിലും അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ പഴയബോട്ട് ജെട്ടിയിലും വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ നിരവധി മന്ദിരങ്ങൾ പണിത് കൂട്ടിയിരുന്നു.
അന്ധകാരനഴിയിൽ സൂര്യാസ്തമയം കാണാൻ നടപ്പാതയും ചാരുബെഞ്ചുകളും ഉത്തരവാദ വിനോദസഞ്ചാരത്തിന്റെ പേരിൽ ഫിഷ് ലാൻഡിങ് സെൻറർ വരെ കോടികൾ മുടക്കി പണിഞ്ഞു. ഉപ്പുകാറ്റിൽ ഇരുമ്പുകൊണ്ട് നിർമിച്ച പലതും ഉപയോഗശൂന്യമായി. തഴുപ്പിലും അരൂക്കുറ്റിയിലും നിർമിച്ച ഹൗസ് ബോട്ട് ടെർമിനലുകളും നശിച്ചുതുടങ്ങി.
മികച്ച ആസൂത്രണത്തോടെ വിനോദസഞ്ചാര സാധ്യതകൾ മനസ്സിലാക്കി സഞ്ചാരികൾക്ക് ആവശ്യമുള്ളത് ഒരുക്കി ഗ്രാമീണരെക്കൂടി ഉൾപ്പെടുത്തി ഉത്തരവാദ ടൂറിസം അരൂർ മേഖലയിൽ വികസിപ്പിക്കണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.