അസാധാരണ വേലിയേറ്റം: സർക്കാർ ഇടപെടുന്നു
text_fieldsഅരൂർ: കായലിലെ അസാധാരണ വേലിയേറ്റത്തിൽ സർക്കാർ ഇടപെടുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ പ്രശ്നം മന്ത്രി തോമസ് ഐസക്കിെൻറ മുന്നിലെത്തിച്ചതോടെയാണ് വിഷയം ഗൗരവത്തിൽ പരിഗണിക്കാൻ സർക്കാർ തയാറായത്. തീരമേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ തീരാദുരിതത്തിലാക്കികൊണ്ട് രണ്ടുമാസമായി വെള്ളപ്പൊക്കം തുടരുകയാണ്.
കായലോരങ്ങളിൽ വേലിയിറക്കത്തിന് അനുസരിച്ച് വെള്ളം ഇറങ്ങിപ്പോകുന്നുണ്ടെങ്കിലും ചെമ്മീൻ പാടങ്ങൾക്കരികിലുള്ള വീടുകളിൽനിന്ന് വെള്ളം ഇറങ്ങിപ്പോകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വെള്ളപ്പൊക്കത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് ത്രിതല പഞ്ചായത്ത് അംഗങ്ങൾ മന്ത്രിയെ ബോധിപ്പിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ, അസി. എൻജിനീയർ മോനിഷ എന്നിവർ അരൂരിലെ തീരമേഖലയിലെ വെള്ളപ്പൊക്കം നിരീക്ഷിക്കാനെത്തി. ഉദ്യോഗസ്ഥരുമായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്, അരൂർ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി, പഞ്ചായത്ത് അംഗങ്ങളായ ബി.കെ. ഉദയകുമാർ, ഒ.കെ. മോഹനൻ, മത്സ്യത്തൊഴിലാളി നേതാക്കളായ സി.എൻ. മനോഹരൻ, കെ.കെ. വാസവൻ എന്നിവർ സംസാരിച്ചു.
പ്രത്യേകം തയാറാക്കിയ ചങ്ങാടത്തിൽ അരൂർ മേഖലയിലെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള വാർഡുകളിലെ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. അടിയന്തര പരിഹാരമായി നിർദേശിച്ച കായലോരത്തെ കൽക്കെട്ട്, അതോടൊപ്പം സാധ്യമായ സ്ഥലങ്ങളിലൊക്കെ തീരദേശ റോഡ് എന്നിവ പരിഗണനയിലുണ്ട്. കോടികൾ ചെലവുവരുന്ന പദ്ധതി പഠിച്ച്, ഉടൻതന്നെ ആസൂത്രണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.