അവശ്യ സംവിധാനങ്ങളില്ലാതെ അരൂർ അഗ്നിരക്ഷാസേന
text_fieldsഅരൂർ: വ്യവസായ മേഖലയായ അരൂരിലെ അഗ്നിരക്ഷാ സേനക്ക് ആവശ്യമായ സംവിധാനങ്ങളില്ലെന്ന് പരാതി. അരൂരിൽ ഫയർ സ്റ്റേഷനുണ്ടെന്ന് പറയാനല്ലാതെ വ്യവസായ കേന്ദ്രത്തിലെ അപകടങ്ങളെ നേരിടാൻ തക്ക സംവിധാനങ്ങൾ ഇല്ലെന്നാണ് വ്യവസായികളും ചൂണ്ടിക്കാട്ടുന്നു. ബഹുനില കെട്ടിടങ്ങളിലാണ് വ്യവസായ കേന്ദ്രത്തിൽ വ്യവസായശാലകളിൽ പലതും പ്രവർത്തിക്കുന്നത്. എന്നാൽ വ്യവസായശാലകളിലെ തീപിടുത്തവും അപകടങ്ങളും നേരിടാൻ കഴിയുന്ന തരത്തിൽ സംവിധാനങ്ങളോടെ ഫയർ സ്റ്റേഷൻ ഇല്ല.
വ്യവസായ കേന്ദ്രത്തിൽ തീപിടുത്തവും അമോണിയം വാതക ചോർച്ചയും മറ്റ് അപകടങ്ങളും ആവർത്തിച്ചതോടെ ഫയർ സ്റ്റേഷൻ വ്യവസായ കേന്ദ്രത്തിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തി പ്രദേശവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ വീണ്ടും അപകടങ്ങൾ ഉണ്ടായപ്പോൾ പ്രക്ഷോഭത്തിന് തീവ്രത കൂടി. ഒടുവിൽ ഗത്യന്തരമില്ലാതെ കെ.എസ്.ഇ.ബി അരൂർ സെക്ഷൻ ഓഫീസ് വളപ്പിൽ ഏഴു വർഷങ്ങൾക്കു മുമ്പ് താൽക്കാലികമായി അഗ്നിശമന സേന യൂനിറ്റ് തുടങ്ങുകയായിരുന്നു. 14 ലക്ഷം രൂപ അരൂരിലെ വ്യവസായികൾ താൽക്കാലിക ഫയർ സ്റ്റേഷൻ അരൂരിൽ സ്ഥാപിക്കാൻ വേണ്ടി മുടക്കി. കെ.എസ്.ഇ.ബി ജീവനക്കാർക്ക് താമസിക്കാൻ നിർമിച്ച കോർട്ടേഴ്സുകളിൽ രണ്ടെണ്ണം അഗ്നിശമന സേനാംഗങ്ങൾക്ക് ഇരിക്കാൻ ഒരുക്കുകയായിരുന്നു. 22 ഫയർമാൻ മാരുള്ള ഒരു ഫയർ യൂനിറ്റ് മാത്രമുള്ള സ്റ്റേഷനാണ് താൽക്കാലികമായി ഇവിടെ ആരംഭിച്ചത്.
ഫയർ സ്റ്റേഷൻ അരൂരിൽ എത്തിയതിനു ശേഷം വ്യവസായ കേന്ദ്രത്തിൽ മാത്രം അഞ്ചോളം വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ നിന്ന് ഫയർ യൂനിറ്റുകൾ എത്തിയാണ് വലിയ അപകടങ്ങളെ നേരിട്ടതെന്ന് വ്യവസായികൾ പറയുന്നു. ഏഴു വർഷത്തിനു മുമ്പ് മൂന്നു കോടി രൂപ ബജറ്റിൽ വക കൊള്ളിച്ച് ഉടൻ അരൂരിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുമെന്ന് അധികാരികൾ ഉറപ്പു പറഞ്ഞിരുന്നു. അരൂർ - ഇടക്കൊച്ചി പാലത്തിനരികിൽ കൈതപ്പുഴ കായലോരത്ത് അരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും അരൂരിലെ ഫയർ സ്റ്റേഷന് വേണ്ടി സർക്കാർ അനുവദിക്കുകയും ചെയ്തു.
ഫയർ സ്റ്റേഷന്റെ കെട്ടിടത്തിന്റെ രൂപകല്പനയും തയാറാക്കി സർക്കാരിന് സമർപ്പിച്ചതും വ്യവസായികളുടെ സംഘടനയാണ്. അരൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കി സ്ഥലം ഫയർ സ്റ്റേഷൻ നിർമിക്കുന്നതിന് നൽകിയെങ്കിലും സ്റ്റേഷൻ നിർമിക്കാനുള്ള നടപടികൾ മുന്നോട്ടു പോയില്ല. ഇപ്പോൾ ഈ സ്ഥലം മറ്റു കാര്യങ്ങൾക്ക് ചിലർ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അരൂരിലെ വ്യവസായ കേന്ദ്രത്തിൽ സമുദ്രോല്പന കയറ്റുമതി ശാലയുടെ പാക്കിങ് വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചപ്പോഴും അയൽ ജില്ലകളിൽ നിന്നുപോലും ഫയർ യൂനിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.