വാഹനങ്ങൾ കട്ടപ്പുറത്ത്; ആധുനിക ഉപകരണങ്ങളുമില്ല
text_fieldsഅരൂർ: വർഷങ്ങളായുള്ള അരൂർ നിവാസികളുടെ മുറവിളിയുടെ ഫലമായാണ് അരൂരിൽ അഗ്നിരക്ഷ സേന യൂനിറ്റ് അനുവദിക്കപ്പെട്ടത്. ആറു വർഷം മുമ്പ് താൽക്കാലികമായി അരൂർ വൈദ്യുതി ഓഫീസിൽ തുടങ്ങിയ അഗ്നിരക്ഷ സേനക്ക് ഇവിടെ നിന്ന് മോചനമായില്ല. സ്വന്തമായി സ്ഥലവും സർക്കാർ പദ്ധതിയും ഉണ്ടെങ്കിലും കെട്ടിടം യാഥാർഥ്യമായില്ല. അരൂർ വൈദ്യുതി ഓഫീസ് കോമ്പൗണ്ടിലെ ജീവനക്കാരുടെ രണ്ട് ക്വാർട്ടേഴ്സുകളിലാണ് ഫയർ സ്റ്റേഷൻ ആരംഭിച്ചത്.
കാലപ്പഴക്കത്താൽ പൊളിഞ്ഞുവീഴാറായ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷന് പറയാൻ ഇല്ലായ്മകളുടെ കഥകൾ മാത്രമാണുള്ളത്. എറണാകുളം, ആലപ്പുഴ ജില്ലകൾ അതിർത്തി പങ്കിടുന്ന കൈതപ്പുഴ കായലോരത്ത് പ്രവർത്തിക്കുന്ന അരൂർ വ്യവസായ കേന്ദ്രത്തിലാണ് ഫയർ സ്റ്റേഷനുള്ളത്. അഞ്ചു വാഹനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. മൊബൈൽ ടാങ്ക് യൂനിറ്റ് -2, ആംബുലൻസ് ഒന്ന്, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ -ഒന്ന്, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ -ഒന്ന് എന്നിങ്ങനെയാണ് സ്റ്റേഷനിൽ അനുവദിച്ച വാഹനങ്ങളുടെ എണ്ണം.
ഇവയിൽ മൊബൈൽ ടാങ്ക് യൂനിറ്റ് ഒരെണ്ണം 15 വർഷം കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് പൊളിക്കാൻ മാറ്റിയിട്ടിരിക്കുകയാണ്. ഒരെണ്ണം മാത്രമുള്ള മൾട്ടി യൂട്ടിലിറ്റി വെഹിക്കിളാകട്ടെ തകരാറിനെ തുടർന്ന് ചെങ്ങന്നൂരിലെ സർക്കാർ വർക്ക് ഷോപ്പിലാണ്. ബാറ്ററിയില്ലാത്തതിനാൽ ഏക ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ വാഹനം നോക്കുകുത്തിയുമാണ്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട അരൂരിലെ കായലുകളിൽ അപകടങ്ങൾ സാധാരണയാണ്.
രക്ഷാദൗത്യത്തിനായി സ്റ്റേഷനിൽ റബർ ഡിങ്കി, യമഹ എൻജിൻ എന്നിവ ഉണ്ടെങ്കിലും അവ കയറ്റികൊണ്ടുപോകാൻ വാഹനമില്ലാത്ത സ്ഥിതിയാണ്. ജലദുരന്തം നേരിടാൻ അരൂർ ഫയർ സ്റ്റേഷന് സ്കൂബ വാനും സ്കൂബ സെറ്റും അനുവദിച്ചാൽ ഗുണം ചെയ്യും. കൈതപ്പുഴ കായലോരത്ത് പഴയ അരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സ്ഥലം അഗ്നിശമനസേന ഓഫീസ് പ്രവർത്തിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ രൂപരേഖയും തയ്യാറായിട്ടുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട വ്യവസായ എസ്റ്റേറ്റ് ആയ അരൂരിൽ ചെറുതും വലുതുമായ 100 വ്യവസായ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. നിരവധി സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങളും പെയിന്റ്, ഐസ് തുടങ്ങിയ നിർമാണ കമ്പനികളുമുണ്ട്. സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിൽ അമോണിയ ചോർച്ച പതിവാണ്. എന്നാൽ, രക്ഷാപ്രവർത്തനത്തിനെത്തുന്ന സേനാംഗങ്ങൾ ആ സ്ഥാപനങ്ങളിലെ അമോണിയ സ്യൂട്ട് കടം വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണുള്ളത്. ഓഫീസ് ആവശ്യങ്ങൾക്കും മറ്റും യാത്ര ചെയ്യാനും അപകടം നടന്ന സ്ഥലത്ത് കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനും സ്റ്റേഷനിലെ ആംബുലൻസാണ് നിലവിൽ ഉപയോഗിക്കുന്നത്.
2018 ഏപ്രിൽ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. സാധാരണ ഫയർ സ്റ്റേഷനുകളിൽ 24 സേനാംഗങ്ങൾ ഉള്ളപ്പോൾ അരൂരിൽ 12 പേർ മാത്രമാണ് ഉള്ളത്. ഇതുമൂലം മിനി ഫയർസ്റ്റേഷൻ എന്നാണ് അറിയപ്പെടുന്നത്. പരിമിതികൾ ഏറെയുണ്ടെങ്കിലും സേവനരംഗത്ത് സേനാംഗങ്ങൾ മുൻപന്തിയിലാണ്. സ്റ്റേഷന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാകണമെങ്കിൽ സർക്കാർ സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കുകയും മതിയായ ആധുനിക വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്യണമെന്നാണ് വ്യവസായികളും അരൂർ നിവാസികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.