തീരം വറുതിയിൽ; മത്സ്യത്തൊഴിലാളികൾക്ക് കൂട്ട് പട്ടിണി
text_fieldsഅരൂർ: നാൾക്കുനാൾ വർധിച്ചുവരുന്ന ഇന്ധനവിലയും മത്സ്യക്ഷാമവും കടലോര മേഖലയിലെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ഉയർന്ന മണ്ണെണ്ണ വില മൂലം ജില്ലയുടെ തീരങ്ങളിൽ വള്ളങ്ങൾ കടലിൽ ഇറക്കാനാകാതെ നൂറുക്കണക്കിനു മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ രണ്ടുമാസമായി ദുരിതത്തിലാണ്. വരുമാനം നിലച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ.
കടലിൽ പോകുന്ന ഓരോ വള്ളത്തിനും 150 മുതൽ 200 ലിറ്റർ മണ്ണെണ്ണ ഒരു ദിവസം വേണമെന്നു തൊഴിലാളികൾ പറഞ്ഞു. എന്നാൽ, പെർമിറ്റുള്ള വള്ളങ്ങൾക്കു ഒരു ലിറ്ററിന് 25 രൂപ സബ്സിഡി നിരക്കിൽ ഒരു മാസത്തേക്കു 140 ലിറ്റർ മണ്ണെണ്ണയാണ് മത്സ്യഫെഡിൽനിന്ന് ലഭിക്കുന്നത്. ഇതുകൊണ്ടു ഒരു ദിവസംപോലും കടലിൽ പോകാൻ കഴിയില്ലെന്നും ഒരു ലിറ്ററിനു 108 രൂപ നിരക്കിൽ കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് കടലിൽ പോകുന്നതെന്നു തൊഴിലാളികൾ പറഞ്ഞു.
മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ തീരമേഖലയിലെ പ്രതിസന്ധി കടലോളമായി. രണ്ടു മാസത്തിലധികമായി ഏതാനും ചെറുവള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. അന്ധകാരനഴിയിലും പള്ളിത്തോട് ചാപ്പക്കടവിലും ചെല്ലാനം ഹാർബറിലും നിരവധി വള്ളങ്ങളാണ് പണിക്കുപോകാതെ കയറ്റിയിട്ടിരിക്കുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വള്ളങ്ങളുടെ വായ്പകളും പലിശയും അടക്കാനാകാതെ ദുരിതത്തിൽ കഴിയുകയാണ് വള്ളങ്ങളിലെ ഓരോ തൊഴിലുടമകളും. മാസങ്ങളായി തുടരുന്ന വറുതിക്കൊപ്പം മണ്ണെണ്ണ വില ഉയർന്നതോടെ പിടിച്ചുനിൽക്കാൻ വഴിയില്ലാതെ വള്ളവും വലയും വിൽക്കാൻ ഒരുങ്ങുകയാണെന്നും എന്നാൽ, എടുക്കാൻ ആളില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇൻ ബോർഡ് വള്ളങ്ങൾ ഉൾപ്പെടെ വലിയ വള്ളങ്ങളോന്നും കഴിഞ്ഞ ഒന്നരമാസമായിട്ട് പണിക്കുപോയിട്ടില്ല. ദുരിതങ്ങൾ മൂലം നട്ടം തിരിയുന്ന തീരമേഖലയിൽ ന്യായമായ രീതിയിൽ മണ്ണെണ്ണ ലഭ്യമാക്കാനുള്ള സർക്കാർ സംവിധാനം വേണമെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സാമ്പത്തിക സഹായം അനുവദിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.