ഉയരപ്പാത നിർമാണം; വീഴാത്തവരും ചളി തെറിക്കാത്തവരും അപൂർവം
text_fieldsഅരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിലൂടെ ഇരചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും കാൽനടയായും സഞ്ചരിക്കുന്നവരിൽ വീണു പരിക്കേൽക്കാത്തവരും ചളി തെറിച്ച് വൃത്തികേടാകാത്തവരും അപൂർവം.
ശനിയാഴ്ച രാവിലെ അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് തെറിപ്പിച്ച ചളിയിൽ കുളിച്ച ഇരുചക്രവാഹന യാത്രികരായ യുവാക്കൾ ബസിനെ പിന്തുടർന്ന് തടഞ്ഞു. അരൂർ ശ്രീനാരായണ നഗറിന് എതിർവശത്തുള്ള ദേശീയപാതയിലാണ് സംഭവം. ജോലിക്ക് പോകാൻ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അമിതവേഗത്തിലെത്തിയ ‘ശാന്തി’ എന്ന സ്വകാര്യ ബസ് ചളി തെറിപ്പിച്ചത്.
പ്രകോപിതരായ യുവാക്കൾക്കൊപ്പം മറ്റ് യാത്രക്കാരും ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഒടുവിൽ മാപ്പ് പറഞ്ഞതോടെ ബസിനെ പോകാൻ അനുവദിച്ചു. വെള്ളിയാഴ്ച വൈകീട്ട് എറണാകുളം ഭാഗത്തേക്ക് പോയ യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം ചളിക്കുണ്ടിൽ വീണു. ചളിയിൽ പൂണ്ടുപോയ ബൈക്ക് പുറത്തെടുക്കാൻ ക്രെയിൻ വേണ്ടിവന്നു.
ഇത്തരത്തിൽ അപകടത്തിൽപെടുന്നവരുടെ പരിക്കുകൾ ഭേദമാകുന്നില്ലെന്ന പരാതിയും ഉയരുന്നു. അരൂർ സ്വദേശി ഗണേശൻ (60) സൈക്കിളുമായി വീണത് രണ്ടാഴ്ച മുമ്പാണ്. ചെറിയ മുറിവായതുകൊണ്ട് ചികിത്സ ചെയ്തില്ല. മുറിവിൽ ഭേദമാകാതെ വന്നപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തിൽ കലർന്ന രാസപദാർഥം ഉണങ്ങുന്നതിന് തടസ്സമായിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഗണേശൻ ഇപ്പോഴും ചികിത്സയിലാണ്. ദേശീയപാതയിൽ അപകടങ്ങളിൽപെട്ട് മരിച്ചവരെക്കാൾ ഏറെയാണ് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.