ഉയരപ്പാത നിർമാണം; കമ്പനി ജീവനക്കാരുടെ സംഘടിത നീക്കം, നാട്ടുകാരിൽ ആശങ്ക വളർത്തുന്നു
text_fieldsഅരൂർ: ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ചന്തിരൂരിലുണ്ടായ സംഘർഷാവസ്ഥക്ക് ശമനമുണ്ടായെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം തുടരുകയാണ്. കമ്പനി ജീവനക്കാരനും പ്രദേശവാസിയായ വ്യക്തിയും തമ്മിലുണ്ടായ തർക്കമാണ് ശനിയാഴ്ച സംഘർഷത്തിനു ഇടയാക്കിയത്. ദേശീയപാതയിൽ കെട്ടിക്കിടന്ന ചളിയിൽ തെന്നി വീണയാൾ കരാർ കമ്പനിയുടെ എൻജിനീയറിങ് സ്റ്റാഫിനെ മർദിച്ചെന്നാണ് കമ്പനിയുടെ ആരോപണം.
തൊഴിലാളികൾ പണി നിർത്തിവെച്ച് അരൂർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത് പ്രശ്നം രൂക്ഷമാക്കി. മതിയായ സുരക്ഷയൊരുക്കുന്നതിൽ കരാർ കമ്പനി അധികൃതർ വരുത്തിയ വീഴ്ചയാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ജില്ല ഭരണകൂടം യഥാസമയത്ത് ഇടപെട്ടില്ലെന്നുമാണ് ജനങ്ങളുടെ ആരോപണം. നിർമാണം നടക്കുന്ന 12.75 കിലോമീറ്ററിൽ ഭൂരിഭാഗം സ്ഥലത്ത് ചളി നിറഞ്ഞുകിടക്കുകയാണ്. സുരക്ഷയുടെ ഭാഗമായി മുകളിൽ വലകൾ കെട്ടിയിട്ടുണ്ടെങ്കിലും ഫലമില്ലാതായതോടെ ജനങ്ങൾ ആശങ്കയിലാണ്.
ജനകീയ സമിതിയുടെ മനുഷ്യച്ചങ്ങല നാളെ
അരൂർ: അരൂർ-തുറവൂർ ജനകീയ സമിതിയുടെ മനുഷ്യച്ചങ്ങലക്ക് നാട് കൈകോർക്കുന്നു. പരിപാടിയുടെ വിജയത്തിനായുള്ള ജനകീയ സമിതിയുടെ എക്സി. കമ്മിറ്റി കഴിഞ്ഞദിവസം നടന്നു. ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ഇതോടെ സി.പി.എം, കോൺഗ്രസ് പിന്തുണ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചങ്ങല നടക്കുന്ന സമയത്ത് കച്ചവട സ്ഥാപനങ്ങൾ അടച്ച് സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ മേൽപാത നിർമാണത്തിലെ അപാകതയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് വന്നത് സംഘാടകർക്ക് ആവേശമായി. നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ സംഘടന ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.