അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; ചോര ഉണങ്ങാതെ ദേശീയപാത
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ യാത്ര ദിവസം ചെല്ലുന്തോറും ദുഷ്കരമാകുന്നു. കഴിഞ്ഞ ദിവസം ചന്തിരൂരിൽ വാഹനമിടിച്ച് യുവാവ് മരിച്ചു. ചന്തിരൂർ കിഴക്കെ തറെയപ്പറമ്പിൽ രാജേഷാണ് (49) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ അരൂർ ക്ഷേത്രം ജങ്ഷനിലെ ദേശീയപാതയിൽ ദേഹത്ത് സ്വകാര്യ ബസ് കയറി കാൽനടക്കാരിയായ വീട്ടമ്മ തൽക്ഷണം മരിച്ചു. എഴുപുന്ന പഞ്ചായത്ത് 14ാം വാർഡിൽ അർച്ചന ഭവനിൽ മല്ലികയാണ് (59) മരിച്ചത്. കരാർ കമ്പനിയുടെ മാർഷൽമാർ വാഹന നിയന്ത്രണത്തിനും കാൽനടക്കാർക്ക് സഞ്ചരിക്കാൻ നിർദേശം നൽകാനും സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും അപകടമുണ്ടാകുന്നതിന്റെ കാരണം റോഡിന്റെ ശോച്യാവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ റോഡ് രൂക്ഷമായ വെള്ളക്കെട്ടിലാണ്. ഏതെങ്കിലും കാരണത്താൽ വാഹനങ്ങൾ കേടാവുകയാണെങ്കിൽ ഉടൻ അവ നീക്കം ചെയ്യാൻ അടിയന്തര സംവിധാനം ഉണ്ടാക്കണമെന്ന് ജനകീയ സമിതികൾ ചർച്ചായോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള റിക്കവറി വാഹനങ്ങൾ ഏർപ്പെടുത്താമെന്ന് കരാർ കമ്പനി സമ്മതിച്ചിരുന്നതാണ്. ദിവസവും നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ തകരാറിലാകുന്നത്.
ഇവയെ റോഡിൽനിന്ന് മാറ്റാൻപോലും സംവിധാനമില്ലാത്തത് മറ്റു വാഹനങ്ങൾക്ക് ദുരിതമാകുന്നു. വെള്ളക്കെട്ട് രൂക്ഷമായ ദേശീയപാതയിൽ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്. ഇടതുഭാഗത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയ റോഡുകളെല്ലാം വെള്ളത്തിലായി. അറ്റകുറ്റപ്പണിക്ക് ഉപയോഗിച്ച കോൺക്രീറ്റ് മിശ്രിതം മഴ വെള്ളത്തിലലിഞ്ഞ് നഷ്ടമായി. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ റോഡ് കൂടുതൽ നാശത്തിലായി.
രാത്രിയും പകലും പാതയുടെ മുകൾഭാഗത്ത് വെൽഡിങ് ജോലികൾ നടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്. കഴിഞ്ഞദിവസം അരൂർ പെട്രോൾ പമ്പിനു സമീപം നിലത്ത് കിടക്കുന്ന പ്ലാസ്റ്റിക് വലകൾ വെൽഡിങ് തീപ്പൊരി വീണ് കത്തിയത് നാട്ടുകാരിൽ ഭയപ്പാട് ഉണ്ടാക്കി. ഉടൻ തീയണക്കാൻ കഴിഞ്ഞതിനാൽ അത്യാഹിതം ഉണ്ടായില്ല. ഏതു സമയത്തും വാഹനങ്ങളുടെ മുകളിലേക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ദേഹത്തേക്കും എന്തും വീഴാമെന്ന ഭീഷണിയിലാണ്. കാറിന്റെ മുകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും നിർമാണ സാമഗ്രികൾ വീണ് നാശനഷ്ടങ്ങളും യാത്രികർക്ക് പരിക്കുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിർമാണ സാമഗ്രികളും തീപ്പൊരിയും താഴേക്ക് വീഴാതെ സംരക്ഷണ കവചം തീർത്ത് വെൽഡിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.