ഉയരപ്പാത നിർമാണം അരൂരിലെ ഗ്രാമീണ റോഡുകളെയും തകർത്തു
text_fieldsഅരൂര്‍: ഉയരപ്പാത നിര്‍മാണം മൂലമുള്ള ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ ഏറെയും ആശ്രയിക്കുന്നത് അരൂർ പഞ്ചായത്തിലെ ഇടറോഡുകൾ. ഗ്രാമീണ റോഡുകൾ തിരക്കിലായതോടെ അവയും തകർന്നു.
ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴുക്കിവിടുന്നത് പലപ്പോഴും ഗ്രാമീണ റോഡുകളിലേക്കാണ്. വലിയ വാഹനങ്ങൾ നിരന്തരമായി കടന്നുപോകുന്നത് ഗ്രാമീണ റോഡുകളെ നാശത്തിലാക്കി. ഉണ്ണിയമ്പലം വഴിയുള്ള റോഡ്, മള്‍ട്ടി പര്‍പ്പസ് റോഡ്, കോട്ടപ്പുറം റോഡ്, അമ്മനേഴം റോഡ് തുടങ്ങിയവയാണ് പൊട്ടിപ്പൊളിഞ്ഞത്. പള്ളിയറക്കാവ്-പള്ളി റോഡ് മാത്രമാണ് തകരാതെ നിലനിൽക്കുന്നത്. ഉൾനാടൻ ടൂറിസത്തിന്റെ വികസനത്തിന് അനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി വഴിയാണ് ഈ റോഡുകൾ പുനർനിർമിച്ചത്.
ഈ റോഡുകളും ഗതാഗത തിരക്കുമൂലം നാശത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അരൂക്കുറ്റി ഭാഗത്തുനിന്ന് എത്തുന്ന ചെറുവാഹനങ്ങളാണ് അരൂർ ക്ഷേത്രത്തിനും പള്ളിക്കുമിടയിലെ തിരക്കൊഴിവാക്കാൻ ഈ റോഡുകളിലൂടെ പോകുന്നത്. അരൂര്‍-അരൂക്കുറ്റി പാലം ഇറങ്ങിയശേഷം വട്ടക്കേരിവഴി പെട്രോള്‍ പമ്പ് ജങ്ഷനിലെത്തുന്ന റോഡും തകര്‍ന്ന് വെള്ളം നിറഞ്ഞു കിടക്കുകയാണ്.
ഇടക്കിടെ പെയ്യുന്ന മഴ റോഡുകളുടെ തകര്‍ച്ചക്ക് വേഗവും കൂട്ടിയിട്ടുണ്ട്. ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം അരൂർ ഗ്രാമപഞ്ചായത്തിലെ ഇടറോഡുകൾ തകർന്ന നിലയിലാണ്. നിർമാണ കമ്പനിയോട് അരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഗ്രാമീണ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ടിരുന്നു.
എല്ലാ റോഡുകളും പുനർനിർമാണം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇടറോഡുകൾ പുനർനിർമിക്കുന്നതിലും നിർമാണ കമ്പനി അമാന്തം കാണിക്കുകയാണ്. റോഡുകളിലെ കുഴിയടക്കാൻപോലും ഫണ്ട് മുടക്കാൻ അരൂർ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.