ഉയരപ്പാത നിർമാണം; ഗതാഗത സ്തംഭനത്തിനിടയാക്കി മുന്നറിയിപ്പില്ലാത്ത നിർമാണ പ്രവൃത്തി
text_fieldsഅരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ അരൂർ - കുമ്പളം പാലത്തിലും അരൂർ - ഇടക്കൊച്ചി റോഡിലും ഇരുവശത്തുള്ള ദേശീയപാതയിലും ബുധനാഴ്ച വൈകീട്ട് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടതിന് കാരണം മുന്നറിയിപ്പില്ലാതെ കരാർ കമ്പനി അരൂർ പള്ളിയുടെ സമീപത്ത് റോഡ് നിർമാണം നടത്താൻ തുനിഞ്ഞതാണെന്ന് അരൂർ പൊലീസ് ഇൻസ്പെക്ടർ ഷിജു. പി.എസ് പറഞ്ഞു.
പൊലീസിന്റെ ക്രമീകരണങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ ദിവസമായി കാര്യമായ ഗതാഗത തടസ്സമില്ലായിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയിൽ അരൂർ പള്ളിക്ക് സമീപം മുന്നറിയിപ്പില്ലാതെ റോഡിൽ ടൈൽസ് നിരത്താൻ തുടങ്ങിയതും ബാരിക്കേഡുകൾ വൃത്തിയാക്കാൻ തൊഴിലാളികൾ ശ്രമിച്ചതുമാണ് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.
ഉയരപ്പാതനിർമാണ കരാർ കമ്പനിയോട് മുന്നറിയിപ്പില്ലാതെ ഇത്തരം പ്രവൃത്തികൾ നടത്തരുതെന്ന് അറിയിച്ചിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ഇനിയും ആവർത്തിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അഞ്ചിന് തുടങ്ങിയ ഗതാഗത കുരുക്ക് രാത്രി ഒമ്പതോടെയാണ് അയഞ്ഞത്. എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തെക്കുഭാഗത്തേക്ക് കൂടുതലായി വരുന്ന വൈകുന്നേരമാണ് ഗതാഗതം സ്തംഭിച്ചത്. ഉയരപ്പാത നിർമാണം നടത്തുന്നത് ദേശീയപാതയുടെ മീഡിയൻ ഉൾപ്പെടെയുള്ള ഭാഗത്താണ്. മറ്റ് വാഹനങ്ങളുടെ ശല്യം ഒഴിവാക്കാൻ ഇവിടെ ഇരുമ്പ് ഷീറ്റുകൾ കൊണ്ട് ബാരിക്കേഡുകൾ നിർമിച്ചിരിക്കുകയാണ്. ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും മണ്ണും മറ്റും കഴുകിക്കളയാൻ വൈകുന്നേരത്തെ തിരക്കേറിയ സമയം തന്നെ കരാർ കമ്പനി തെരഞ്ഞെടുത്തതാണ് ഗതാഗത തടസ്സത്തിന് മറ്റൊരു കാരണമെന്ന് യാത്രക്കാരും കുറ്റപ്പെടുത്തി. ഒരു വാഹനം നിറച്ച് വെള്ളം കൊണ്ടുവന്ന് പൈപ്പിലൂടെ ഒഴിച്ച് ബാരിക്കേഡുകൾ കഴുകുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുകയായിരുന്നു.
അരൂർ പള്ളിക്ക് സമീപം ഗതാഗത തടസ്സം ഉണ്ടാക്കുംവിധം ടൈൽസ് കൂട്ടിയിട്ടതും പ്രതിസന്ധിക്കിടയാക്കി. കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഈ ജോലികൾ നടന്നതെങ്കിൽ പരിശോധിക്കണമെന്ന് അരൂർ - തുറവൂർ റോഡ് ജനകീയ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങൾ പരമാവധി സഹകരിച്ചാണ് നിർമാണപ്രവൃത്തികൾ നടത്തുന്നത്. അതിനിടെ കരാർ കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലമുള്ള ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചാൽ പ്രത്യക്ഷ സമരം നടത്തുമെന്ന് സമിതി നേതാവ് ജെ.ആർ. അജിത് മുന്നറിയിപ്പ് നൽകി.
പൊലീസ് ഇടപെടലില്‍ ഇരട്ടത്താപ്പെന്ന്
അരൂര്‍: ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിയമപരമായുള്ള ഇടപെടലില്‍ ഇരട്ടത്താപ്പെന്ന് ആക്ഷേപം. അരൂര്‍ - തുറവൂര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയ സമരത്തിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്നവരുടെ പേരില്‍ അരൂര്‍ പൊലീസ് കേസെടുത്ത് നോട്ടീസ് നല്‍കിയിരുന്നു. 200 രൂപ വീതം പിഴയീടാക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നാണ് സൂചന. എന്നാല്‍ സമര ദിനത്തില്‍ സമിതി നേതാക്കളും പ്രവര്‍ത്തകരും ചന്തിരൂര്‍ സ്കൂളിന് മുന്നില്‍ നിന്ന് അരൂര്‍ പെട്രോള്‍ പമ്പ് വരെ സമാധാനപരമായി മുദ്രാവാക്യം വിളിച്ചുപോകുന്നാണ് വിഡിയോ ദൃശ്യങ്ങളിലാകെയുള്ളത്.
ഇതിലൊന്നും ഗതാഗതം തടസ്സപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അരൂര്‍ പൊലീസിനെ പോലും അറിയിക്കാതെ തിരക്കേറിയ സമയത്ത് തകര്‍ന്ന റോഡില്‍ ടൈല്‍ വിരിക്കുന്ന ജോലികള്‍ നടത്തിയ കരാര്‍ കമ്പനിക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചുമില്ല. ഇതാണ് പരക്കെ ആക്ഷേപത്തിന് വഴിവച്ചിട്ടുള്ളത്.
ചരക്കുവാഹന നിയന്ത്രണം കടലാസില്‍ മാത്രം
അരൂര്‍: ഉയരപ്പാത നിർമാണം സുഗമമാക്കാനും ഗതാഗത കുരുക്കില്ലാതാക്കുന്നതിനുമായി ചരക്കുവാഹനങ്ങള്‍ നിയന്ത്രിക്കുമെന്നത് ദിവസങ്ങള്‍ക്കുള്ളില്‍ ‘കടലാസി’ലായി. ആദ്യമൊക്കെ ആലപ്പുഴ, എറണാകുളം പൊലീസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പൊലീസ് നിയന്ത്രണം പാളി. ഇതോടെ വീണ്ടും വലിയ ചരക്കുവാഹനങ്ങള്‍ ദേശീയപാതവഴി യഥേഷ്ടം എത്താനും തുടങ്ങി. ഇത്തരത്തിലെത്തുന്ന പല വാഹനങ്ങളും ഒറ്റവരി ഗതാഗതം പാലിക്കാതെ ഇടത് ഭാഗത്ത് കൂടെ കുത്തിക്കയറ്റുന്നത് മറ്റ വാഹനങ്ങളുടെ സുരക്ഷിത യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അധികൃതർ ജനങ്ങളോട് മര്യാദകേട് കാട്ടുന്നു- എച്ച്. സലാം എം.എൽ.എ
അമ്പലപ്പുഴ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അധികൃതർ ജനങ്ങളോട് മര്യാദകേട് കാട്ടുകയാണന്ന് എച്ച്. സലാം എം.എൽ.എ. നിർമ്മാണം നടക്കുന്ന പല സ്ഥലങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ്. ദേശീയപാതയില്‍ നിന്ന് ജനങ്ങൾ സഞ്ചരിക്കുന്നതിനുള്ള ഇടറോഡുകൾ പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുന്നു. ഇതിന് പരിഹാരം ആവശ്യപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി അധികൃതരുടെയും യോഗം പല തവണ വിളിച്ചു ചേർത്തു.
യോഗത്തിൽ ഉചിതമായ തീരുമാനമുണ്ടായെങ്കിലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി അധികൃതരും ചേർന്ന് തീരുമാനങ്ങൾ അട്ടിമറിക്കുന്നുവെന്ന സംശയം ഉയരുകയാണ്. ദേശീയപാതയിലെ വിവിധയിടങ്ങളിൽ നിർമാണ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയാൽ ഒരു ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്ന തീരുമാനം പൂർണമായി നടപ്പാക്കപ്പെടുന്നില്ല. ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന റോഡുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. പലയിടങ്ങളിലും കാന നിർമാണത്തിനായി മുറിച്ചയിടങ്ങളിൽ ദേശീയപാതയിലേക്കുള്ള ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
യാത്രാസൗകര്യം ഒരുക്കിയ ഇടങ്ങളിൽ ഉയരവ്യത്യാസം മൂലം നിരവധി അപകടങ്ങളും ഉണ്ടാകുന്നു. വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെട്ട ഈ പ്രശ്നങ്ങൾക്കെല്ലാം അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് കാട്ടി കലക്ടറേറ്റിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ ആഴ്ചകൾക്കു മുമ്പ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ദേശീയ പാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും അനാസ്ഥ തുടരുകയാണ്.
ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനും നിർമാണസ്ഥലത്ത് ഇല്ലാത്തതാണ് പ്രശ്ന പരിഹാരം നീളുന്നതിന് കാരണം. ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കിയില്ലെങ്കിൽ നിർമാണം സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.