ഉയരപ്പാത: ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsഅരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ദിവസവും അപകടങ്ങൾ. വ്യാഴാഴ്ചയും ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായി. വയലാർ സ്വദേശിയായ ഇരുചക്രവാഹന യാത്രികന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു.
ചന്തിരൂർ പാലത്തിന്റെ ഇറക്കിൽ തെക്കുഭാഗത്തായിരുന്നു അപകടം. വാഹനങ്ങൾ കടന്നു പോകാൻ വളരെ കുറച്ചു സ്ഥലമാണ് ഇവിടെ ഉള്ളത്. അരൂർ മുതൽ തുറവൂർ വരെ റോഡിൽ നിർമാണം തുടങ്ങിയ കാലം മുതൽ 16 ഓളം പേർ മരിച്ചെന്നാണ് പൊലീസിന്റെ കണക്ക്. ദിവസേന മൂന്നും നാലും അപകടങ്ങൾ അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ സംഭവിക്കുന്നുണ്ട്.
മീഡിയൻ ഉൾപ്പെടെ ദേശീയപാതയുടെ പകുതിയോളം ബാരിക്കേഡു സ്ഥാപിച്ച് മറച്ച് നിർമാണത്തിനു വേണ്ടി കരാർ കമ്പനി ഉപയോഗിക്കുകയാണ്.
പാലങ്ങളുള്ള സ്ഥലങ്ങളിലെ അപ്രോച്ച് റോഡുകളിൽ നേരത്തെ തന്നെ വീതി കുറവായിരുന്നു. നിർമാണത്തിനായി റോഡ് പരിമിതപ്പെടുത്തിയപ്പോൾ ഇവിടങ്ങളിൽ ഒരു വണ്ടിക്ക് കടന്നുപോകാനുള്ള സ്ഥലം പോലും ഇല്ലാതായി. നിരന്തര അപകടങ്ങളും ഗതാഗതസ്തംഭനവും പ്രതിഷേധത്തിന് ഇടയാക്കുമ്പോഴും കരാറുകാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.
പ്രതിഷേധവും പ്രക്ഷോഭങ്ങളും ഒരു ദിവസത്തെ പണിതടസ്സത്തിന് കാരണമായാൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന ഭീഷണിയാണ് ബഹുജന സംഘടനകളെയും പ്രതിഷേധത്തിൽ നിന്ന് അകറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.