അരൂരിൽ ‘കോട്ടൻകളി’ വ്യാപിക്കുന്നു; പണം പോകുന്നത് നിരവധി പേർക്ക്
text_fieldsഅരൂർ: കൊച്ചിയിലെ ചൂതാട്ട സംഘം അരൂരിലെ ഗ്രാമപ്രദേശങ്ങളിൽ പിടിമുറുക്കുന്നു. ലക്ഷങ്ങളുടെ കോട്ടൻ കളിയാണ് ക്വട്ടേഷൻ സംഘങ്ങളുടെ അകമ്പടിയോടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതായി പരാതിയുയർന്നത്. കൂലിപ്പണിക്കാരും സാധാരണക്കാരും 1000 രൂപ വരെ മുടക്കി കളിക്കുന്നുണ്ട്. ഇതുമൂലം സർക്കാറിന്റെ ലോട്ടറി വിൽപന അവതാളത്തിലാണ്. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന രണ്ടക്കം മുൻകൂട്ടി എഴുതി നൽകുന്നവർക്കാണ് കോട്ടൻകളിയിൽ സമ്മാനം നൽകുന്നത്. കേരള ലോട്ടറി നറുക്കെടുത്ത് ഫലം വരുന്നതോടെ കോട്ടൻ കളിക്കാർ സമ്മാന വിതരണം തുടങ്ങും. കളിയിൽ ഏർപ്പെടുന്നയാൾ 1000 രൂപ നൽകി 67 എന്ന നമ്പർ എഴുതി നൽകിയാൽ ഉച്ചക്ക് മൂന്നിന് നടക്കുന്ന കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അവസാന രണ്ട് അക്കം 67 എന്നാണെങ്കിൽ ആ നമ്പർ എഴുതി നൽകിയവർക്കെല്ലാം അവർ നൽകിയ തുകയുടെ 10 ഇരട്ടി തുക സമ്മാനമായി അപ്പോൾ തന്നെ നൽകുന്നതാണ് കോട്ടൻ കളിയിലെ രീതി. ഇതിനായി നാട്ടിൽ കോട്ടൻ കളി ക്വട്ടേഷൻ സംഘങ്ങളുടെ ഏജന്റുമാരുണ്ട്. അവരുടെ പക്കലാണ് പണവും ഇഷ്ട നമ്പരും എഴുതി നൽകേണ്ടത്.
ഉടൻ സമ്മാനത്തുക ലഭിക്കുന്നതിനാൽ നാട്ടുകാർക്കിടയിൽ കോട്ടൻ കളി ഹരമായി മാറുകയാണ്. അനധികൃത ചൂതാട്ട സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി അരൂർ റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി. സജീവൻ അരൂർ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസങ്ങളിൽ ലോട്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.