അരൂരിൽ പെരുവഴിയിലും മാലിന്യം; എന്തുചെയ്യണമെന്നറിയാതെ പഞ്ചായത്ത്
text_fieldsഅരൂർ: ദേശീയപാതയോരത്ത് അരൂർ കെൽട്രോൺ കവലക്ക് തെക്കുവശം ട്രാഫിക് ബൂത്തിനരികിൽ കുമിഞ്ഞുകൂടുന്ന മാലിന്യം മാറ്റാൻ മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിന് കഴിയുന്നില്ല. ഓരോ ദിവസവും ദേശീയപാതക്കരികിൽ ചാക്ക് കണക്കിന് മാലിന്യമാണ് കുന്നുകൂടുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് തടയാനും പഞ്ചായത്തിന് കഴിയുന്നില്ല. സ്ഥിരം മാലിന്യം തള്ളൽ സ്ഥലമായി ഇവിടം മാറിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ആളൊഴിഞ്ഞ ദേശീയപാതയോരം മാലിന്യങ്ങൾ തട്ടാനുള്ള സ്ഥലമായി കണ്ടിട്ടുള്ളത് അരൂർ സ്വദേശികൾ മാത്രമല്ല. മറ്റു പഞ്ചായത്തുകളിൽനിന്നും കക്കൂസ് മാലിന്യം വരെ കൊണ്ടുവന്ന് തള്ളുന്ന സ്ഥലമായി ഇവിടം മാറിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു. കാമറ മാത്രമേ സ്ഥാപിച്ചിട്ടുണ്ടായിരുന്നുള്ളൂവെന്നും മറ്റ് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലായിരുന്നെന്നും അന്ന് പ്രതിപക്ഷംആരോപിച്ചിരുന്നു. ട്രാഫിക് ബൂത്തിന് സമീപം മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോൾ കാമറയും അനുബന്ധ ഉപകരണങ്ങളും അരൂർ പൊലീസ് തെളിവ് ശേഖരിക്കാനായി എടുത്തുകൊണ്ടുപോയെന്നും പിന്നീട് പുനഃസ്ഥാപിച്ചില്ലെന്നുമാണ് നിലവിലെ ഭരണസമിതി പറയുന്നത്.
അരൂരില്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കലക്ടര്‍ ഇടപെട്ട് നിയോഗിച്ച പ്രത്യേക ആരോഗ്യ സംഘങ്ങൾ കഴിഞ്ഞ ദിവസം അരൂർ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും കയറിയിറങ്ങി പരിശോധന നടത്തിയിരുന്നു.
അലസമായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ കമ്പനികൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. വഴിയോരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യം മറവ് ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീരിക്കാത്തത് എന്താണെന്നാണ് വ്യാപാരികളുടെ സംഘടന ചോദിക്കുന്നത്. ട്രാഫിക് ബൂത്തിന്റെ അരികിൽ കൂടിക്കിടക്കുന്ന മാലിന്യം മറവ് ചെയ്യാൻ സ്ഥലം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. വർഷങ്ങളായി ഇവിടെ കുന്നുകൂടുന്ന മാലിന്യം ഇവിടെ തന്നെയാണ് മറവ് ചെയ്തുകൊണ്ടിരുന്നത്.
ഇനിയും മറവ് ചെയ്യാൻ വേണ്ടി കുഴിയെടുത്താൽ പഴയ മാലിന്യങ്ങൾ പുറത്തുവരുമെന്നതാണ് മറ്റൊരു വെല്ലുവിളി. ഇതിനായി മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി മാലിന്യം മറവ് ചെയ്യണമെന്ന ആവശ്യവുമുയരുന്നു. അതിനു പഞ്ചായത്ത് സ്ഥലം കണ്ടെത്തണം. മാലിന്യം മറവ് ചെയ്യാൻ പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.