അരൂരിലെ മത്സ്യ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം കുഴിവെട്ടി മൂടി
text_fieldsഅരൂർ: മാർക്കറ്റ് നടത്തിപ്പിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന മത്സ്യ സംഘങ്ങൾക്ക് തലവേദനയായി മാറിയ മാലിന്യക്കൂമ്പാരം ഒടുവിൽ കുഴിവെട്ടി മൂടി.
ഇവിടെ മാലിന്യം കുമിയുകയാണെന്ന് ‘മാധ്യമം’ ദിവസങ്ങൾക്കു മുമ്പ് വാർത്ത നൽകിയിരുന്നു. അതിനു പിറകെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മത്സ്യമാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം യന്ത്രസഹായത്താല്‍ കുഴികുത്തി മൂടി. ഇടതുമുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ ഭരിക്കുന്ന രണ്ട് സംഘങ്ങളാണ് മാര്‍ക്കറ്റിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇവര്‍ക്കൊപ്പം മൂന്നാമതൊരു കക്ഷികൂടി ഉണ്ടത്രേ. വരുമാനം മാത്രം ലക്ഷ്യമിടുന്ന നടത്തിപ്പുകാര്‍ ഇവിടം ശുചീകരിക്കുന്നതിലടക്കം താൽപര്യം കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ശുചീകരണത്തിന് പഞ്ചായത്ത് ഫണ്ട് ചെലവാക്കേണ്ടിവരുകയാണ്. അരൂരില്‍ ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ കലക്ടര്‍ നിയോഗിച്ച പ്രത്യേക സംഘങ്ങളിലൊന്നാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ച് നടത്തിപ്പുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ദിവസങ്ങള്‍ കഴിഞ്ഞ് പഞ്ചായത്ത് നേരിട്ട് യന്ത്രം എത്തിച്ച് മാലിന്യം കുഴിച്ചുമൂടിയത്. രാവിലെ 10ന് ആരംഭിച്ച ജോലി ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. ഇതിനായി 10,000 രൂപ പഞ്ചായത്തിന് ചെലവാകുമെന്നാണ് സൂചന. ഈ തുക നടത്തിപ്പുകാരിൽനിന്ന് ഈടാക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.