അരൂരിൽ സർക്കാറിന് വ്യവസായമുണ്ട്; സൗഹൃദമില്ല
text_fieldsഅരൂർ: സംസ്ഥാനം വ്യവസായ സൗഹൃദമെന്ന അവകാശവാദത്തിന് ശക്തി ഒട്ടും കുറവില്ല. എന്നാൽ, വ്യവസായം നിലനിർത്തുന്നതിലോ സംരക്ഷിക്കുന്നതിലോ സർക്കാർ ഒരുപങ്കും വഹിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് അരൂർ വ്യവസായ മേഖല.
1962ൽ അഞ്ച് ഏക്കറിൽ ആരംഭിച്ച കെമിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആറ് വ്യവസായ യൂനിറ്റ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് അവിടെ ഉണ്ടായിരുന്ന നിരവധി വീടുകൾ ഒഴിപ്പിച്ച് അമ്പതിലധികം ഏക്കർ ഭൂമി അക്വയർ ചെയ്ത് ഡെവലപ്മെന്റ് ഏരിയ എന്ന പേരിൽ വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കുകയായിരുന്നു. കെമിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുപുറമെ അറുപതോളം വ്യവസായ യൂനിറ്റുകൾ ഇവിടെ ഉയർന്നു. ഇപ്പോൾ നൂറോളം വ്യവസായശാലകൾ അരൂർ വ്യവസായകേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.
ആദ്യമുണ്ടായിരുന്ന പല വ്യവസായങ്ങളും പൂട്ടി. ആഗോളീകരണവും കേന്ദ്ര സർക്കാറിന്റെ പുത്തൻ സാമ്പത്തികനയങ്ങളും പല വ്യവസായങ്ങളുടെയും അടിവേര് തകർത്തു. ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകിയിരുന്ന ബാൽമർ ലോറി ആൻഡ് കമ്പനി ഇത്തരത്തിൽ ഒന്നാണ്.
നിലവിൽ വ്യവസായകേന്ദ്രത്തിൽ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളാണ് അധികവും. ആഹാരസാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ മുതൽ ചെമ്മീൻതലയിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ വരെ ഉണ്ടാക്കുന്ന നിരവധി സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നത്.
വ്യവസായ മേഖല ഇല്ലായ്മയിൽ
കോടിക്കണക്കിന് രൂപ ഉൽപന്ന നികുതിയായും തൊഴിൽ നികുതിയായും കൂടാതെ വൈദ്യുതി ചാർജായും മറ്റും സർക്കാർ ഈടാക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലോ നിലനിർത്തുന്നതിലോ സർക്കാറിന് ശ്രദ്ധയില്ല. എന്നാൽ, വ്യവസായത്തെ ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യുന്നുമുണ്ടെന്ന് ചില വ്യവസായികൾ പറയുന്നു. വ്യവസായ കേന്ദ്രത്തിലെ റോഡുകൾ തകർന്നുകിടക്കുകയാണ്. റോഡുകൾ നന്നാക്കേണ്ടത് ആരെന്നുപോലും തിട്ടമില്ലാത്ത സ്ഥിതി. പലപ്പോഴും വ്യവസായികൾതന്നെ വൻതുക മുടക്കി നന്നാക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച റോഡുകൾ 50 ടൺ കണ്ടെയ്നർ ലോറികളെ താങ്ങാൻ കെൽപുള്ളതല്ല. പണ്ട് 10 ടൺ വാഹനങ്ങൾക്കുവേണ്ടി പണിതതാണ് എസ്റ്റേറ്റിലെ റോഡുകൾ. വാഹനങ്ങൾ മാറിയിട്ടും റോഡുകൾ മാറിയില്ല.
മറ്റൊരു പ്രധാന പ്രശ്നം കുടിവെള്ളമാണ്. ജപ്പാൻ കുടിവെള്ളം എത്തുന്നതുവരെ പല കമ്പനികളും ആലുവയിൽനിന്ന് ടാങ്കർ ലോറികളിൽ കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയായിരുന്നു. ഇപ്പോഴും വില നൽകിതന്നെ വാങ്ങൽ. ജപ്പാൻ കുടിവെള്ളമാണെന്ന വ്യത്യാസം മാത്രം. വർഷമേറെ കഴിഞ്ഞിട്ടും വ്യവസായകേന്ദ്രത്തിൽ മാലിന്യസംസ്കരണത്തിന് പദ്ധതികളുണ്ടാക്കാൻ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാർ കോമൺ ട്രീറ്റ്മെൻറ് പ്ലാന്റ് വാഗ്ദാനം ചെയ്തിട്ട് 10വർഷം കഴിയുന്നു. തൊഴിലാളികൾക്ക് ഒരു കാന്റീൻ തുറക്കാൻ വ്യവസായ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തൊഴിലാളികൾക്ക് വിശ്രമിക്കാനും വിനോദത്തിനും സൗകര്യമോ സംവിധാനമോ ഇല്ല. രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ട് ശേഖരിക്കാൻ ഒരിടം എന്നതിൽ കവിഞ്ഞ് ഒരു ക്ഷേമപദ്ധതിയും നടപ്പാക്കാൻ താൽപര്യം കാട്ടുന്നില്ലെന്ന കടുത്ത വിമർശനം വ്യവസായികൾക്കുണ്ട്.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടച്ചാൽ ബന്ദ് വിജയം !
ബന്ദും ഹർത്താലും പണിമുടക്കും ഏറ്റവുമധികം ബാധിക്കുന്നത് വ്യവസായശാലകളെയാണ്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രവർത്തിക്കാതിരുന്നാൽ ഹർത്താൽ വിജയിച്ചു എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പൊതുധാരണ. വ്യവസായശാലകൾ ബന്ദിന് പൂട്ടിയിടുന്നത് അനുഭാവംകൊണ്ടല്ല, പേടിച്ചിട്ടാണ്. വ്യവസായ വകുപ്പിന്റെ സൂപ്രണ്ട് ഓഫിസ് വ്യവസായ കേന്ദ്രത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്നു. വ്യവസായികൾക്ക് ആവശ്യമായ പല സൗകര്യവും പരാതിയായി ഉന്നയിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. ഒരു വാച്ച്മാനും ചുറ്റുമതിലും അക്കാലത്ത് വ്യവസായ എസ്റ്റേറ്റിന് സംരക്ഷണം നൽകിയിരുന്നു.
കൈതപ്പുഴ കായലിനരികിൽ സ്ഥിതി ചെയ്യുന്ന വ്യവസായകേന്ദ്രം മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ്. തുടർച്ചയായ, ഗുണനിലവാരമുള്ള വൈദ്യുതിയാണ് വ്യവസായത്തിന് ആവശ്യം. എന്നാൽ, കാര്യക്ഷമമായി വൈദ്യുതി നൽകാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന് വ്യവസായികൾ പറയുന്നു. തുടർച്ചയായ വൈദ്യുതി ആവശ്യമുള്ള പല വ്യവസായങ്ങളും ഇവിടെയുണ്ട്. ഒരുദിവസം മുഴുവൻ വൈദ്യുതിത്തകരാർ മാറ്റാൻ വേണ്ടി വൈദ്യുതി തടയുന്ന നടപടി പലപ്പോഴും ആവർത്തിക്കുന്നു. ഒഴിവുദിവസങ്ങളിൽ തകരാർ മാറ്റി തടസ്സം കൂടാതെ വൈദ്യുതി വിതരണം സാധ്യമാക്കാൻ അധികൃതർ ശ്രദ്ധിക്കാറില്ല.
10 കോടിയുടെ നവീകരണ വാഗ്ദാനത്തിന് 10 വർഷം
വ്യവസായികളുടെയും വ്യവസായകേന്ദ്രത്തിന്റെയും ആവശ്യങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ 10 കോടിയുടെ സഹായവാഗ്ദാനം നടത്തിയിട്ട് 10 വർഷം കഴിയുന്നു.
മൈക്രോ ആന്‍ഡ് സ്മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാം (എം.എസ്.ഇ.സി.ഡി.പി) പദ്ധതി പ്രകാരമാണ് 10 കോടി അനുവദിച്ചത്. തൊഴില്‍ പരിശീലനകേന്ദ്രം, പൊതുസ്വീകരണകേന്ദ്രം, വിശാല റോഡുകള്‍, ബസ് ഷെല്‍റ്ററുകള്‍, സമ്പൂര്‍ണവൈദ്യുതീകരണം, സുരക്ഷ സംവിധാനങ്ങളോടെയുള്ള പൊതുകവാടം, ഇന്‍സിനറേറ്റര്‍ എന്നിവയാണ് നവീകരണത്തിന് ലക്ഷ്യമിട്ടത്.
വ്യവസായ എസ്റ്റേറ്റിന്റെ പടിഞ്ഞാറ് 10 സെന്റിൽ പദ്ധതിപ്രകാരം മൂന്നുനില കെട്ടിടം, ഇടപാടുകാര്‍ക്ക് സ്വീകരണഹാള്, തൊഴില്‍ പരിശീലനകേന്ദ്രം, 10 മീറ്റര്‍ വീതിയുള്ള റോഡുകൾ, പൊതുകവാടം തുടങ്ങിയവയായിരുന്നു കേന്ദ്രസർക്കാർ പദ്ധതിയിലെ മറ്റു വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.