ഉയരപ്പാത നിർമാണം; മഴയില്ലെങ്കിലും വെള്ളക്കെട്ട്
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ വെള്ളക്കെട്ട് നിർമാണക്കമ്പനിയുടെ സൃഷ്ടിയെന്ന് നാട്ടുകാർ. ഉയരപ്പാതയുടെ തൂണുകൾക്ക് പൈൽ താഴ്ത്തുമ്പോൾ പുറന്തള്ളുന്ന മാലിന്യവും മണ്ണും ചളിയും വെള്ളവും പുലർച്ച രണ്ടുമണിക്കും മൂന്നുമണിക്കും മറ്റും റോഡിലേക്ക് ഒഴുക്കുന്നത് പതിവാണെണ് ദൃക്സാക്ഷികൾ പറയുന്നു.
മഴ പെയ്യുമ്പോഴാണ് മാലിന്യമൊഴുക്ക് തകൃതിയാക്കുന്നത്. മഴവെള്ളം കെട്ടിക്കിടക്കാൻ തക്കവിധത്തിലാണ് ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തിയിരിക്കുന്നത്.
ദേശീയപാതയുടെ അരികിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന നടപ്പാത റോഡിലെ പെയ്ത്തുവെള്ളം തടഞ്ഞുനിർത്തും. ഈ വെള്ളത്തിലേക്കാണ് നിർമാണസ്ഥലത്തുനിന്ന് മാലിന്യം ഒഴുക്കുന്നത്. മഴയുള്ള രാത്രികാലങ്ങളിലാണ് അനധികൃത ഒഴുക്ക് കൂടുതലായി നടക്കുന്നതത്രെ. അതേസമയം, നിർമാണം നടക്കാത്ത ബൈപാസ് കവലയിൽ പൊടിശല്യം രൂക്ഷമാണ്.
കവലക്ക് തൊട്ടരികിൽ നിർമാണം നടക്കുന്നില്ലെങ്കിലും കുറച്ചകലെ തെക്കുഭാഗത്ത് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഉയരുന്ന പൊടിയും മാലിന്യവുമാണ് ബൈപാസ് കവലയിൽ രൂക്ഷമായ പൊടിശല്യത്തിന് കാരണമാകുന്നത്. ബസ്സ്റ്റോപ് രണ്ടെണ്ണം അടുത്തടുത്തുള്ള ഇവിടെ ധാരാളം യാത്രക്കാർ ബസ് കാത്ത് നിൽക്കാറുണ്ട്. മൂന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഇവിടെ നൂറുകണക്കിന് കുട്ടികളും ബസ് കാത്തു നിൽക്കാറുണ്ട്.
രൂക്ഷമായ പൊടിശല്യം സമീപത്തെ കച്ചവടക്കാരെയും വലക്കുകയാണ്. പൊടിശല്യം ശമിപ്പിക്കാൻ ടാങ്കർ ലോറികളിൽ വെള്ളം തളിക്കാമെന്ന് കരാർ കമ്പനി സമ്മതിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടങ്ങൾ ഏറെ നടന്നതായി പൊലീസ്
കൊച്ചി: അരൂർ-തുറവൂർ ആകാശപാത നിർമാണ മേഖലയിൽ മരണകാരണമാകുന്ന അപകടങ്ങൾ ഏറെ നടന്നതായി പൊലീസ് ഹൈകോടതിയിൽ. പണി നടക്കുന്നിടത്ത് ഗതാഗത നിയന്ത്രണത്തിന് എല്ലാ നടപടിയുമെടുക്കുമെന്നും നിർമാണാവശിഷ്ടങ്ങളും രാസദ്രാവകങ്ങളും നീക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് നിർദേശിക്കുമെന്നും കുത്തിയതോട് സി.ഐ കോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചു.
റോഡ് നിർമാണത്തിനുള്ള അലൈൻമെന്റിൽ പോരായ്മകളുണ്ടെങ്കിൽ വിശദീകരണം നൽകാൻ തുടർന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. നിർമാണമേഖലയിൽ സർവിസ് റോഡുകളും കാനകളും കാര്യക്ഷമമാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് എഴുപുന്ന സൗത്ത് സ്വദേശി ലിജിൻ നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഗതാഗത ആസൂത്രണ ഗവേഷണ സ്ഥാപനമായ നാറ്റ്പാക്കിനെ കേസിൽ കക്ഷിചേർത്ത കോടതി, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.