മത്സ്യപ്പാടങ്ങൾക്കരികിൽ വീടുകൾ ഉപ്പുകയറി നശിക്കുന്നു
text_fieldsഅരൂർ: മേഖലയിലെ പൊക്കാളി നിലങ്ങളിൽ നെൽകൃഷി നടത്താതെ മത്സ്യകൃഷിക്കായി തുടർച്ചയായി ഉപ്പുവെള്ളം കെട്ടിനിർത്തുന്നതുമൂലം നൂറുകണക്കിന് വീടുകൾ നശിക്കുന്നു. പട്ടണക്കാട്, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന, അരൂർ എന്നിവിടങ്ങളിലുള്ള നൂറുകണക്കിന് ഏക്കർ പൊക്കാളിപ്പാടങ്ങളിൽ തുടർച്ചയായി മത്സ്യകൃഷി നടക്കുകയാണ്. ഉപ്പുകയറി നശിക്കുന്ന വീടുകൾ പുനർനിർമിക്കാൻ സർക്കാർ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊക്കാളി നിലങ്ങൾക്കരികിലെ താമസക്കാർ സമരത്തിനൊരുങ്ങുകയാണ്.
തുടർച്ചയായ മത്സ്യകൃഷിക്കെതിരെ ഒറ്റപ്പെട്ട നിരവധി സമരങ്ങൾ ആരംഭിച്ചെങ്കിലും സമരക്കാരെ നേരിടാൻ മത്സ്യക്കർഷകർക്ക് രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സഹായം ലഭിച്ചു. മത്സ്യപ്പാടങ്ങൾക്കരികിലെ ജനജീവിതം ദുസ്സഹമായപ്പോൾ നാട്ടുകാരുടെ ചെറുത്തുനിൽപ് ശക്തമായി. എഴുപുന്നയിലും മറ്റുപ്രദേശങ്ങളിലും ജീവിതദുരിതങ്ങൾ അനുഭവിക്കുന്നവർ കലക്ടറും മറ്റും സ്ഥലം സന്ദർശിക്കാൻ സമരം ശക്തമാക്കി. വർഷങ്ങളായി ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വീടുകൾ നശിക്കുക മാത്രമല്ല, പുല്ലുകൾപോലും വളരാത്ത സാഹചര്യം ഉണ്ടാകുമെന്ന് അധികൃതരെ ബോധ്യപ്പെടുത്തി.
എഴുപുന്ന, നീണ്ടകര പ്രദേശങ്ങൾ സന്ദർശിച്ച കലക്ടർ സർക്കാർ നിർദേശിച്ച ഒരു മീനും ഒരു നെല്ലും പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കർശന നിർദേശം നൽകി. എന്നാൽ, സർക്കാർ നിശ്ചയദാർഢ്യത്തോടെ പൊക്കാളികൃഷി നടത്താനുള്ള നടപടികൾ സ്വീകരിച്ചില്ല. കോവിഡ് വ്യാപനത്തിന്റെ നാളുകളിൽ മത്സ്യകൃഷിയുടെ സമയപരിധി നീട്ടിക്കൊടുത്തു. അത് നെൽകൃഷിയുടെ കലണ്ടർ അട്ടിമറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.