അരൂരിൽ വിനോദസഞ്ചാരത്തിന് നിർമിച്ച കെട്ടിടങ്ങൾ നോക്കുകുത്തി
text_fieldsഅരൂർ: വിനോദസഞ്ചാര വികസനത്തിന് അരൂർ മണ്ഡലത്തിൽ മുടക്കിയത് കോടികൾ. കെടുകാര്യസ്ഥതയുടെ സ്മാരകങ്ങളായി കടലോരത്തും കായലോരങ്ങളിലും ബാക്കിയാകുന്നത് കോടികളുടെ രമ്യഹർമ്യങ്ങൾ. അരൂർ മണ്ഡലത്തിലെ ഉൾനാടൻ ജലാശയങ്ങളെയും കടലിനെയും ഉൾപ്പെടുത്തി സർക്യൂട്ട് ടൂറിസം പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പാക്കാൻ 10 വർഷം കഴിഞ്ഞിട്ടും അധികൃതർക്കു കഴിഞ്ഞില്ല. കോടിക്കണക്കിന് രൂപയുടെ ഹൗസ് ബോട്ട് ടെർമിനലുകളും റസ്റ്റാറൻറ്, ബോട്ട് ജെട്ടി, വാക് വേ തുടങ്ങിയ സൗകര്യവും അരൂക്കുറ്റിയിലും തഴുപ്പിലും അന്ധകാരനഴിയിലും ഉപയോഗശൂന്യമായി നശിക്കുകയാണ്.
2010ല്‍ കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായിരിക്കെ രൂപം നല്‍കിയതാണ് ആലപ്പുഴ സര്‍ക്യൂട്ട് ടൂറിസം പദ്ധതി. ടൂറിസം കണ്‍സള്‍ട്ടൻറ് ഡോ. മുരളീമേനോനെ ഉപയോഗിച്ചാണ് അരൂക്കുറ്റി, തഴുപ്പ്, വയലാര്‍, എട്ടുപുരയ്ക്കല്‍, അന്ധകാരനഴി, കാക്കത്തുരുത്ത് തുടങ്ങി ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളെ കുമരകവുമായി ബന്ധപ്പെടുത്തുന്ന ടൂറിസം വികസന പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. തുടര്‍ന്ന് അരൂക്കുറ്റി, തഴുപ്പ് ഉള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ക്ക് പ്രാഥമിക പട്ടികയിൽപെടുത്തി അംഗീകാരം നല്കി. പൂര്‍ത്തിയായി കിടക്കുന്ന അരൂക്കുറ്റി ഹൗസ് ബോട്ട് ടെര്‍മിനലിന് ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ഹൗസ് ബോട്ടുപോലും അടുപ്പിക്കാത്ത ടെർമിനൽ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നടത്തി. അരൂക്കുറ്റിയിലെ എക്സൈസ് വകുപ്പിെൻറ സ്ഥലം ലഭ്യമാക്കാന്‍ പരിശ്രമങ്ങൾ മന്ത്രിതലങ്ങളിൽ നടന്നതാണെങ്കിലും ഫലം കണ്ടില്ല. പദ്ധതികൾ നടപ്പായില്ല. ടൂറിസം, എക്സൈസ് മന്ത്രിമാര്‍ ഒരു സർക്കാറിെൻറ കീഴിലായിരുന്നിട്ടും പിന്നിട്ട അഞ്ചുവർഷവും കൊട്ടിഗ്ഘോഷിച്ച സർക്യൂട്ട് വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ സാധിച്ചിട്ടില്ല.
ത്രിതല പഞ്ചായത്തുകളും സർക്കാറും ജനങ്ങളും ചേർന്ന് വിനോദസഞ്ചാര പദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. കായലുകളും കടലും കൈകോർക്കുന്ന മനോഹരതീരങ്ങൾ ഒട്ടനവധിയുള്ള പ്രദേശമാണ് അരൂർ. കടൽ-കായലോര കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന വിദേശികളെ ആകർഷിക്കുന്ന ഒട്ടേറെ ഇടങ്ങൾ അരൂർ മണ്ഡലത്തിലുണ്ട്. അത്യപൂർവങ്ങളായ ദേശാടന പക്ഷികൾ പറന്നിറങ്ങുന്നു ചങ്ങരം പാടശേഖരവും അരൂർ മേഖലയിലാണ്.
ദേശാടനപ്പക്ഷികളെ വേട്ടയാടരുെതന്ന് അറിയിക്കുന്ന വനംവകുപ്പിെൻറ ഒരു ബോർഡ് മാത്രമാണ് സർക്കാറിേൻറതായി ഇവിടെയുള്ളത്. നൂറുകണക്കിന് വിദേശികൾ പക്ഷിനിരീക്ഷണത്തിന് മാത്രമായി എത്തുന്ന ഇവിടെ പക്ഷികളെ നിരീക്ഷിക്കാൻ ഒരു ടവർപോലും നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രാമീണ ജീവിതങ്ങളുടെ നേർകാഴ്ചകൾ വിദേശികൾക്ക് കാട്ടിക്കൊടുക്കാൻ ഗ്രാമീണ മേഖലകളിൽ പദ്ധതികളില്ല. ചെറുവള്ളങ്ങൾ ജലാശയങ്ങളിൽ ഒഴുകിനടന്ന് കായലോരങ്ങളിലെ ഗ്രാമീണ ജീവിതക്കാഴ്ചകൾ കാണാൻ വേണ്ടി മാത്രം ആയിരക്കണക്കിന് വിദേശികൾ കേരളത്തിൽ എത്താറുണ്ട്.
ഗ്രാമീണ മേഖലകളിൽ മീൻപിടിത്തം, ഓലമെടയൽ, ഭക്ഷണം പാകം ചെയ്യൽ, കൈത്തൊഴിൽ പരിശീലനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അരൂർ മേഖലയിൽ ഉത്തരവാദിത്ത ടൂറിസം വഴി നടപ്പാക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചില സ്വകാര്യസംരംഭകർ ഇതിന് ഉദാഹരണമാണ്. ജനപ്രതിനിധികളാകാൻ മത്സരിക്കുന്നവർ അരൂർ മണ്ഡലത്തിെൻറ വിനോദസഞ്ചാര സാധ്യതകൾ പഠിക്കണമെന്ന് ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.