പഞ്ചായത്ത് ജാഗ്രത കാട്ടിയില്ലെങ്കിൽ പകൽവീടുറങ്ങും
text_fieldsഅരൂർ: നീണ്ടകാത്തിരിപ്പിന് ശേഷമാണ് അരൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങളെ പകൽ സംരക്ഷിക്കുന്ന പകൽവീട് പ്രവർത്തിച്ച് തുടങ്ങിയത്. അഞ്ചാം വാർഡ് പള്ളിയറക്കാവ് റോഡരികിൽ ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ സമീപത്തെ കെട്ടിടത്തിലാണ് പകൽവീട് ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചത്. നിരവധി തവണ ഉദ്ഘാടനം നടത്തിയെങ്കിലും ഒന്നാം തീയതി മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്.
പഞ്ചായത്തിലെ 22 വാർഡിൽനിന്നും ഒന്നുവീതം പ്രായമായവരെ പഞ്ചായത്ത് അംഗങ്ങൾ കണ്ടെത്തി എത്തിക്കാനായിരുന്നു തീരുമാനം. വാഹനങ്ങളിൽ എത്തിക്കുന്നവരെ വൈകീട്ടുവരെ സംരക്ഷിക്കുക, ഭക്ഷണം നൽകുക, വിനോദങ്ങളിൽ ഏർപ്പെടുത്തുക സുരക്ഷിതമായി തിരികെ എത്തിക്കുക എന്നായിരുന്നു പദ്ധതി. ഇതിനായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസമാകുമ്പോൾ പകൽവീട്ടിൽ ആളുകുറയുകയാണ്. 22 വയോജനങ്ങളും തികയുന്ന അവസ്ഥ തുടക്കം മുതൽ ഉണ്ടായില്ല.
12 പേർ ഉണ്ടായിരുന്നത് എട്ടായി ചുരുങ്ങി. വരുന്നവർക്ക് ലഘുഭക്ഷണവും വിനോദത്തിന് ടെലിവിഷൻ, പത്രങ്ങൾ, കാരംസും വിശ്രമിക്കാൻ സംവിധാനവുണ്ട്. വാർഡിൽ നിന്ന് ഒരാൾ എന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒറ്റക്കിരിക്കാൻ താല്പര്യമില്ലാത്ത മുഴുവൻ വയോജനങ്ങളെയും പകൽവീട്ടിലേക്ക് ആകർഷിക്കാൻ കഴിയണം. ഇത്തരത്തിൽ പദ്ധതിയെ പരിഷ്കരിക്കണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.