ആവശ്യത്തിന് ജീവനക്കാരില്ല; നട്ടംതിരിഞ്ഞ് അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്
text_fieldsഅരൂർ: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം അരൂർ ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾ വലയുന്നു. ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രവും കെൽട്രോൺ പോലുള്ള പോതുമേഖലാ സ്ഥാപനവും നൂറോളം സമുദ്രോൽപന്ന കയറ്റുമതി ശാലകളും 50,000 ത്തോളം ജനസംഖ്യയുമുള്ള സ്പെഷൽ ഗ്രേഡ് പഞ്ചായത്താണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുന്നത്. 18ഓളം സ്ഥിരം ജീവനക്കാരാണ് ഓഫീസിൽ ആവശ്യമുള്ളത്. സെക്രട്ടറി ഇല്ലാതായിട്ട് മാസങ്ങൾ കഴിയുന്നു. ചുമതല അസി. സെക്രട്ടറിക്കാണ്. സെക്രട്ടറിമാർ നിയമിതരാകാറുണ്ടെങ്കിലും ദീർഘകാലം ഇരിക്കാൻ താൽപര്യം കാണിക്കാറില്ലെന്ന് എൽ.ഡി.എഫ് ഭരണസമിതി അംഗങ്ങൾ പറയുന്നു. ജൂനിയർ സൂപ്രണ്ടിന്റെ ഒഴിവ് മാസങ്ങളായി പഞ്ചായത്തിൽ നിലനിൽക്കുന്നു. രണ്ട് യു.ഡി ക്ലർക്കുമാരുടെ ഒഴിവുമുണ്ട്.
മുഴുവൻ സമയ സ്വീപ്പർ മാരുടെ ഒഴിവുണ്ടായിട്ട് മാസങ്ങൾ കഴിയുന്നു. ഒരു ദിവസം ശരാശരി 10 പെർമിറ്റുകളും നമ്പർ ഇടാൻ അനവധി അപേക്ഷകളും എത്തുന്ന ഓഫീസാണിത്.ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന ഭരണസമിതിയുടെ ആവശ്യത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് എൽ.ഡി.എഫ് ഭരണസമിതിക്ക് പരാതിയുണ്ട്.
പഞ്ചായത്ത് വളപ്പിലുള്ള കൃഷി ഓഫിസിൽ ഓഫിസർ ഇല്ലാതായിട്ട് നാളുകളേറെയായി. പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗത്തിലും ഓവർസിയറിനു പകരം നിയമനം നടന്നിട്ടില്ല.പഞ്ചായത്തിൽ സ്ഥിരമായി ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചിട്ടില്ല. തൊട്ടരികിലുള്ള എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് അരൂരിലും ചുമതല. പകർച്ചവ്യാധി ഭീഷണിയും അതിഥി തൊഴിലാളികളുടെ എണ്ണവും അധികമുള്ള അരൂരിൽ മാലിന്യ പ്രശ്നം മുഖ്യമാണ്.
ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യവും സർക്കാർ പരിഗണിക്കുന്നില്ലെന്ന് ഭരണസമിതിക്ക് പരാതിയുണ്ട്. വരുമാനവും ജനസംഖ്യയും വ്യവസായ സ്ഥാപനങ്ങളും വർധിക്കുന്ന അരൂർ ഗ്രാമപഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി വികസിപ്പിക്കുകയോ വലിയ പഞ്ചായത്തിന്റെ സ്റ്റാഫ് പാറ്റേൺ നടപ്പാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.