ജപ്പാൻ കുടിവെള്ളം: സർക്കാർ ഇടപെട്ടില്ലെങ്കിൽ അരൂരിൽ വെള്ളംകുടി മുട്ടും
text_fieldsഅരൂർ: ജപ്പാൻ കുടിവെള്ള വിതരണ പദ്ധതി നടത്തിപ്പിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ അരൂരിൽ വെള്ളംകുടി മുട്ടും. മൂവാറ്റുപുഴ ആറ്റിൽനിന്ന് വെള്ളമെടുക്കുന്ന മറവംതുരുത്തിൽ വൈദ്യുതി തകരാർ പതിവാകുന്നതുകൊണ്ട് വെള്ളം വളരെ കുറച്ചുമാത്രമേ തൈക്കാട്ടുശ്ശേരിയിലെ ശുചീകരണ പ്ലാൻറിൽ എത്തുന്നുണ്ടായിരുന്നുള്ളു.
പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അരൂർ ഗ്രാമപഞ്ചായത്തിൽ 9800 വീടുകൾക്ക് ജലവിതരണ കണക്ഷൻ ഉണ്ട്. 26 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കാണ് അരൂരിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് നിറയാൻ 14 മണിക്കൂർ തുടർച്ചയായി പമ്പിങ് നടക്കണം. രാത്രി മുഴുവൻ പമ്പ് ചെയ്ത് രാവിലെ 10 മണിയോടെ വാൽവ് തുറന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ ടാങ്ക് കാലിയാകുകയാണ്. ടാങ്ക് പൂർണമായി നിറഞ്ഞശേഷമേ വാൽവ് തുറക്കാവൂ എന്ന് നിർദേശമുണ്ട്. എന്നാലേ തീരമേഖലയിൽ എല്ലായിടത്തും വെള്ളം എത്തൂ.
കേന്ദ്രസർക്കാറിെൻറ സൗജന്യ ജലവിതരണ പദ്ധതിയായ ജൽ ജീവൻ പദ്ധതിക്കുവേണ്ടി വാട്ടർ കണക്ഷൻ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഇത് വർധിക്കുന്തോറും വെള്ളത്തിെൻറ അളവ് ഇനിയും കുറയും. തൈക്കാട്ടുശ്ശേരിയിലെ ശുദ്ധീകരണ പ്ലാൻറിൽ കൂടുതൽ വെള്ളം എത്തിയാലേ പ്രശ്നപരിഹാരമാവൂ. കൂടുതൽ വെള്ളം എത്തണമെങ്കിൽ മറവംതുരുത്തിലെ പൈപ്പുകൾ സ്റ്റീൽ പൈപ്പുകൾ ആക്കിമാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തീകരിക്കണം. പുതിയ റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ അവിടെയുള്ളവർ തടസ്സം നിൽക്കുകയാണ്.
ഇപ്പോൾ രാത്രിയിൽ പമ്പിങ് ഇല്ല. പൈപ്പ് പുതിയത് സ്ഥാപിക്കുന്നതോടെ രാത്രിയിലും പമ്പിങ് ആരംഭിക്കാൻ കഴിയും. അങ്ങനെ വെള്ളത്തിെൻറ ക്ഷാമം പരിഹരിക്കാം. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താതിരുന്നാൽ മാത്രമേ അരൂരുകാരുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.