കൈതപ്പുഴ കായൽ നികന്ന് തീരുന്നു
text_fieldsഅരൂർ: അരൂരിനെ ചുറ്റിയൊഴുകുന്ന കൈതപ്പുഴ കായൽ ഭീതിജനകമായ വിധം നികന്നുപോകുന്നതിൽ കടുത്ത ആശങ്ക. കായൽ നടുവിൽപോലും എക്കലും ചളിയും അടിഞ്ഞ് ചെറുദ്വീപുകൾപോലെ മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. വേഗത്തിൽ എത്തുന്ന ജലയാനങ്ങൾ പലപ്പോഴും അപകടകരമായ വിധത്തിൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി യാത്രക്കാർ നടുകായലിൽ പെട്ടിട്ടുണ്ട്. രാത്രിയിലാണെങ്കിൽ ദുരന്തം ആയേക്കാവുന്ന അപകടങ്ങളാണിത്.
എന്തും കായലിൽ തള്ളുന്ന ജനങ്ങളുടെ മാനസികാവസ്ഥയാണ് ഈ സ്ഥിതിക്ക് ഒരു കാരണം. മറ്റൊന്ന്, പാലങ്ങളുടെയും മറ്റും നിർമാണത്തിനിടെ ബാക്കിയാകുന്ന ചളിയും മണ്ണും മറ്റും കായലിൽ തന്നെ തള്ളുന്ന കരാർ കമ്പനികളുടെ നിയമ വിരുദ്ധ പ്രവൃത്തിയും.
കൈതപ്പുഴ കായലിൽ അരൂർ മുതൽ കുമ്പളം വരെ മൂന്ന് പാലവും അരൂക്കുറ്റിയിലേക്ക് ഒരു പാലവുമുണ്ട്. നിർമാണ ആരംഭത്തിൽ കായലിൽ ബണ്ടുകെട്ടിയാണ് പാലങ്ങൾ നിർമിച്ചത്. മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുമ്പോൾ മാത്രമാണ് ബണ്ട് നിർമാണം അവസാനിപ്പിക്കുന്നത്. നിർമാണം പൂർത്തിയാക്കുമ്പോൾ ഇവ നീക്കം ചെയ്യാമെന്ന് കരാറുകാർ ഉറപ്പുനൽകാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. അധികൃതർ നിയമ നടപടി സ്വീകരിക്കാറുമില്ല.
ഏകദേശം 12 നിലയുള്ള കെട്ടിടത്തിന്റെ നീളമുണ്ട് പാലങ്ങളുടെ കാലുകൾക്കെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. ഇത്തരം നിരവധി കാലുകളാണ് കായലിലേക്ക് ആഴത്തിൽ താഴ്ത്തപ്പെട്ടിട്ടുള്ളത്. ഇതിലൂടെ പുറംതള്ളുന്ന ചളിയും രാസപദാർഥങ്ങളും കായലിന്റെ ആവാസവ്യവസ്ഥക്കും ഹാനികരമാണ്. മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന ഈ മാലിന്യം കായലിൽ തള്ളരുതെന്ന് കർശന നിർദേശം ഉണ്ടെങ്കിലും ചെലവേറിയ പുറംതള്ളലിന് കരാറുകാർ തയാറാകാറില്ല. കായൽ തീരങ്ങളും എക്കലും മണ്ണും അടിഞ്ഞ് നികന്നുപോകുന്നതിന് ഇത് കാരണമാകുന്നുണ്ട്. കായലിന്റെ കടലാഴത്തിലേക്കുള്ള ഒഴുക്ക് തിരിച്ചുള്ള ഒഴുക്കും പഴയ രീതിയിൽ നടക്കുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണത്താൽ കായൽ പരിസ്ഥിതി അവതാളത്തിൽ ആയിട്ടുണ്ട്. കായലിന്റെ അടിത്തട്ടിൽ മാത്രം വളരുന്ന മത്സ്യയിനങ്ങളിൽ പലതിനും വംശനാശം സംഭവിച്ചിട്ടുണ്ട്.
2018ലെ പ്രളയത്തെ തുടർന്ന് അസാധാരണ വേലിയേറ്റങ്ങൾ അരൂരിൽ പതിവാകുകയാണ്. കായൽക്കരകളിൽ സ്ഥിതി ചെയ്യുന്ന അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും കായൽ കയറ്റത്തിന്റെ ദുരിതത്തിലാണ്. ഇതിനൊക്കെ പരിഹാരമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കായലിന്റെ ആഴംവർധിപ്പിക്കലാണ്. വെറും പ്രഖ്യാപനങ്ങളല്ലാതെ ശാസ്ത്രീയ പഠനങ്ങൾ നടത്തി കായൽസംരക്ഷണത്തിന് നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല.
വെള്ളപ്പൊക്കവും മത്സ്യക്ഷാമവും
എക്കലും പ്ലാസ്റ്റിക്കും അടിഞ്ഞ് കൈതപ്പുഴ കായലിലെ നീരൊഴുക്ക് വലിയതോതിൽ കുറയുകയാണ്. കായലിന്റെ ചില ഭാഗങ്ങളിൽ 50 ശതമാനത്തിലേറെ നീരൊഴുക്ക് കുറഞ്ഞു. കായലിന്റെ ആഴം പകുതിയിലേറെ കുറഞ്ഞതിനു പിന്നാലെ നീരൊഴുക്ക് തടസ്സപ്പെടുന്നത് പ്രളയരൂക്ഷതക്കും ഇടയാക്കും. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല നടത്തിയ പഠനങ്ങളിലാണ് ഈ മുന്നറിയിപ്പ്.
ഈ ഭാഗത്തെ കായലിന്റെ വിസ്തീർണം 76.5 ചതുരശ്രകിലോമീറ്ററാണ്. കായലിന്റെ ഓരോ ച.കി.മീ. അടിത്തട്ടിലും ശരാശരി 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കായലിന്റെ കൊച്ചി മേഖലയിലും ഇതിനോടടുത്ത തോതിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് കണ്ടെത്തൽ. കാലാവസ്ഥ വ്യതിയാനംമൂലം ലോകത്ത് ആദ്യം ഇല്ലാതാകുന്ന ദുർബലമേഖലയാണ് കായലുകളെന്ന് കേന്ദ്ര തണ്ണീർത്തട നിയന്ത്രണ അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കേരള തീരത്ത് 50 സെ.മീ. മുതൽ ഒരുമീറ്റർവരെ കടൽനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ആദ്യം ഇല്ലാതാകുന്നത് കായലുകളും പരിസരവുമായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു
കായൽ ചതുപ്പുനിലമാകുന്നു
അശാസ്ത്രീയവും ദീർഘവീക്ഷണവുമില്ലാതെ പാലങ്ങളുടെ നിർമാണത്തിനായി കെട്ടിയ ബണ്ടുകൾ പൊളിക്കാത്തതുമൂലം പലയിടത്തും വലിയ തോതിൽ എക്കൽ അടിയുന്നതിനും ആഴം കുറയുന്നതിനും കാരണമാകുന്നു. എക്കൽ മൂലം കായൽ നികന്ന് നാമാവശേഷമാകുകയാണ്. കായലോരങ്ങളിലും പ്രധാന നഗരങ്ങളിലുമൊക്കെ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം ഇതാണ്. മാലിന്യപ്രശ്നം മൂലം കായൽ നികന്ന് ചതുപ്പുനിലമായി മാറുന്നു. ഇതുമൂലം വെള്ളത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇത് നാടൻ മത്സ്യങ്ങളുടെ ഉൽപാദനം കുറയാനും പലതിന്റെയും വംശനാശത്തിനും കാരണമാകുന്നു. ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്നു.
ഡോ. കെ.ടി. ജ്യോതിഷ്, അരൂർ
(മത്സ്യസമ്പത്തിന്റെയും തൊഴിലാളികളുടെയും
ജീവിതപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി
ഡോക്ടറേറ്റ് നേടിയ വ്യക്തി)
പ്ലാസ്റ്റിക് മാലിന്യം വർധിച്ചു
വ്യവസായ മേഖലയായ അരൂരിൽ കായൽ നികത്തൽ വർഷങ്ങളായി തുടരുന്നുണ്ട്. കായൽ സംരക്ഷണത്തിന് ചുമതലപ്പെട്ട സർക്കാർ ഏജൻസികൾ ആരും ഫലപ്രദമായി ഇടപെടാറില്ല. മാലിന്യം കായലിലേക്ക് തള്ളുന്നതിനും അരൂരിൽ നിയന്ത്രണമില്ല. പാലങ്ങളിൽനിന്ന് മാലിന്യം തള്ളുന്നത് പലപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകാറുണ്ട്. കോടികൾ വരുമാനമുള്ള പഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾപോലും സ്ഥാപിച്ചിട്ടില്ല.
കായലിലെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. മത്സ്യസമ്പത്ത് കുറയുന്നതാണ് കായൽ നേരിടുന്ന പ്രധാന വെല്ലുവിളി. കായലിൽ മാലിന്യത്തോത് ക്രമാതീതമായി വർധിച്ചതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണം. പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലുമാണ്. 150ൽ ഏറെ ഇനം മത്സ്യങ്ങൾ കായലിലുണ്ടെന്നായിരുന്നു കണക്ക്. അടുത്തയിടെ നടത്തിയ പഠനത്തിൽ നൂറിൽ താഴെയായെന്നു പറയുന്നു. കായലിലെ നാടൻ മത്സ്യങ്ങളുടെ ഉൽപാദനം കുറയാനുള്ള കാരണങ്ങൾ കായൽ നികത്തലും മലിനീകരണവുമാണ്. പ്ലാസ്റ്റിക് മാലിന്യം വർധിച്ചതും കായലിനെയും മത്സ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കായലിൽ കാണാറുള്ള നീർകാക്കകളുടെ എണ്ണവും കുറഞ്ഞു.
കെ.കെ. വാസവൻ (മത്സ്യത്തൊഴിലാളി)
ശ്രീകുമാരവിലാസം ക്ഷേത്രം ദേവസ്വം പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.