സ്വാതന്ത്ര്യസമര സ്മൃതിയുടെ അടയാളമായി കുത്തിയതോട് പഞ്ചായത്ത് ഓഫിസ്
text_fieldsഅരൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്ത് ഓഫിസ് മഹാത്മാഗാന്ധിയുടെ സമരപഥങ്ങളിലെ പോരാട്ട സ്മൃതിയുടെ അടയാളം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട് കുത്തിയതോട് ദേശത്തിന്.
1934ൽ ജനുവരി 18നാണ് ആ ചരിത്ര സംഭവം. അത് ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദർശനമായിരുന്നു. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനായി എത്തിയ ഗാന്ധിജിയുടെ പ്രസംഗവും സമ്മേളനത്തിൽ നിറഞ്ഞ ആൾക്കൂട്ടവും ഇന്നും നാടു മറന്നിട്ടില്ല. ഓർമിപ്പിക്കാൻ ഒരു സ്മാരകമുണ്ടിവിടെ -കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫിസ്.
റോഡുമാർഗം കാറിൽ എത്തിയ ഗാന്ധിജി കുത്തിയതോട്, പാട്ടുകുളങ്ങര താലൂക്ക് ബാങ്ക് കെട്ടിടത്തിന് പടിഞ്ഞാറുവശത്തെ വെളിയിലാണ് ഇറങ്ങിയത്. വൈകീട്ട് നടന്ന സമ്മേളനത്തിനുശേഷം താലൂക്ക് ബാങ്കിലാണ് അന്തിയുറങ്ങിയത്. അത് പിന്നീട് പഞ്ചായത്ത് വാങ്ങി ഓഫിസാക്കി. ഗാന്ധിജിയുടെ ഓർമ പുതുക്കുന്നതിനായി അദ്ദേഹത്തിെൻറ കാൽപാട് പതിഞ്ഞ പീഠം പഞ്ചായത്ത് ഓഫിസിൽ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫിസിനുമുന്നിൽ ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി അന്തിയുറങ്ങിയ ഓഫിസ്
മഹാത്മാഗാന്ധി ഒരു ദിനം അന്തിയുറങ്ങിയ കെട്ടിടം. പിൽക്കാലത്ത് അധികാര വികേന്ദ്രീകരണത്തിന് കേന്ദ്രമായ പഞ്ചായത്ത് ഓഫിസായി മാറിയത് യാദൃച്ഛിക സംഭവമായി മാത്രം കാണാൻ കുത്തിയതോട് ദേശക്കാർക്ക് കഴിയില്ല.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ രാഷ്ട്രപിതാവിെൻറ സ്മരണക്ക് ഏറ്റവും ഉചിതമായ ഒരിടമായാണ് പഞ്ചായത്ത് ഓഫിസിനെ നാട്ടുകാർ കാണുന്നത്. ജനങ്ങളിലേക്ക് അധികാരം നൽകുന്നതിലൂടെ ഗ്രാമങ്ങളുടെ വികസനമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഈ ലക്ഷ്യം ഏറ്റവും നന്നായി പൂർത്തീകരിക്കാനുള്ള ഒരിടമായ ഗ്രാമപഞ്ചായത്ത് ഓഫിസിൽ മഹാത്മാവിെൻറ കേരളസന്ദർശന സ്മാരകം ആകുന്നത് ഉചിതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.