അറ്റകുറ്റപ്പണി; എട്ട് പഞ്ചായത്തുകളിൽ നാലുദിവസം കുടിവെള്ളം മുടങ്ങും
text_fieldsഅരൂർ: കത്തുന്ന വേനലിൽ അരൂർ ഉൾപ്പെടെ എട്ടു പഞ്ചായത്തുകളിൽ നാല് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. അരൂരിലെ കൂറ്റൻ ജലസംഭരണിയിലേക്കെത്തുന്ന മെയിൻ പൈപ്പ് കൂട്ടിയോജിപ്പിക്കുന്ന പണികൾക്കു വേണ്ടിയാണ് നാലു ദിവസം കുടിവെള്ളം മുടക്കുന്നതെന്ന് അതോറിറ്റി അധികൃതർ പറയുന്നു. ദേശീയപാതയുടെ കിഴക്കുഭാഗത്ത് കൂടിയാണ് തൈക്കാട്ടുശ്ശേരി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് ശുദ്ധജലം മെയിൻപൈപ്പ് വഴി എത്തുന്നത്. ദേശീയപാതയുടെ അടിയിലൂടെ പുതിയ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുതിയ പൈപ്പിലേക്ക് ലൈൻ കണക്ട് ചെയ്യുന്ന പ്രവൃത്തിക്ക് വേണ്ടിയാണ് വെള്ളം മുടങ്ങുന്നതെന്ന് അധികൃതർ പറയുന്നു. മെയ് രണ്ടിന് വ്യാഴാഴ്ച മുതൽ മേയ് അഞ്ച് ഞായറാഴ്ച വരെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലാണ് ശുദ്ധജലവിതരണം പൂർണ്ണമായും മുടങ്ങുന്നത്. പകരം സംവിധാനത്തിന് സർക്കാർ പദ്ധതി ഉണ്ടെങ്കിലും ഒരു പഞ്ചായത്തും അക്കാര്യം പരിഗണിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ടാങ്കർ ലോറികളിൽ തീരം മേഖലകളിൽ കുടിവെള്ളം എത്തിക്കുവാൻ കാലേകൂട്ടി തന്നെ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ എല്ലാ പഞ്ചായത്തുകൾക്ക് മുന്നിലും പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് ജനകീയ പ്രതിരോധ സമിതി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.