പ്രതിസന്ധികളേറെ...ചീനവലകൾ തീരമൊഴിയുന്നു
text_fieldsഅരൂർ: അരൂർ മേഖലയിലെ കായലോരങ്ങളിൽ വ്യാപകമായി കണ്ടിരുന്ന ചീനവലകൾ തീരമൊഴിയുന്നു. കടുത്ത മലിനീകരണവും വ്യാപകമായ കായൽ നികത്തലും കായലിന്റെ വിസ്തൃതി കുറയുന്നതും ഇവ ഇല്ലാതാകാൻ കാരണമാകുകയാണ്.
മത്സ്യസമ്പത്തിന്റെ കടുത്ത ക്ഷാമം നിമിത്തം നഷ്ടക്കണക്ക് മാത്രമായതോടെയാണ് വലകൾ കരകയറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവ് ചെയ്തു ചീനവല സ്ഥാപിച്ചാലും വരുമാനം ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കായലോരത്ത് ആഴം കുറഞ്ഞ തീരങ്ങളിൽ നാട്ടുന്ന മത്സ്യബന്ധന സംവിധാനമാണ് ചീനവല. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളിലും സമീപത്തുള്ള കായലുകളിലും ഇവ വ്യാപകമായി കാണപ്പെട്ടിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാഴ്ചയാണ് ചീനവല.
രാത്രിയിൽ ഇതിൽ തൂക്കിയിടുന്ന വൈദ്യുതി വിളക്കിലേക്ക് ആകർഷിക്കപ്പെടുന്ന മത്സ്യങ്ങളെ കോരിയെടുക്കുന്ന രീതിയാണുള്ളത്. സാധാരണഗതിയിൽ കരയിലാണ് ഇവ ഉറപ്പിക്കാറുള്ളതെങ്കിലും ചിലയിടങ്ങളിൽ ജലാശയങ്ങളിൽത്തന്നെയും നാട്ടാറുണ്ട്. വെള്ളത്തിനടിയിൽ കുഴിച്ചിട്ട തൂണുകളിൻമേലാണ് ചീനവലയും അതുപ്രവർത്തിപ്പിക്കാൻ ആവശ്യമായ കപ്പിയും മറ്റും ഘടിപ്പിക്കുന്നത്. വലിയ കമ്പുകളിൽ നാട്ടിയ ഓരോ വലയ്ക്കും 20 മീറ്ററോളം വീതി കാണും.
ഓരോ വലയ്ക്കും 10 മീറ്ററോളം ഉയരവുമുണ്ട്. ഓരോ വലയും പ്രവർത്തിപ്പിക്കാൻ ചിലപ്പോൾ ആറ് മത്സ്യത്തൊഴിലാളികളെ വരെ വേണ്ടിവരും. ചെറിയവക്കുപോലും രണ്ടു തൊഴിലാളികൾ വേണ്ടിവരും. രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞ് അധ്വാനിച്ചാൽപോലും രണ്ടുകുടുംബം കഴിയാനുള്ള വരുമാനം ലഭിക്കുന്ന മത്സ്യവിഭവങ്ങൾ ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ചില നേരങ്ങളിൽ പായലും മാലിന്യവും പ്രതിബന്ധമാകും. കാറ്റും മഴയും ഉണ്ടാകുമ്പോൾ ആദ്യം ബാധിക്കുന്നത് ചീനവലകളെയാണ്. നാശനഷ്ടമുണ്ടായാൽ സർക്കാർ സഹായം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. തെങ്ങിൻ കുറ്റികളിലാണ് ചീനവല ഉയർത്തുന്നത്. തെങ്ങിൻ കുറ്റികളും മരങ്ങളും ലഭ്യമല്ലാതായപ്പോൾ ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂട് ഉണ്ടാക്കി ചീനവലകൾ നിർമിക്കാൻ ശ്രമിച്ചു.
മത്സ്യക്ഷാമം രൂക്ഷമായതോടെ അതും ലാഭകരമല്ലാതായി. കേടായി പോകുന്നവ പുനഃസ്ഥാപിക്കാൻ വഴിയില്ലാതെ ഓരോന്നും തീരമൊഴിയുകയാണ്. കായൽക്കാഴ്ചകളിൽ തലയെടുപ്പോടെ നിലനിന്നിരുന്ന ചീന വലകളുടെ സൗന്ദര്യം സഞ്ചാരികൾക്ക് നഷ്ടമാകുകയാണ്. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി, മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകിക്കൊണ്ട് ചീനവലകൾ കായൽ തീരങ്ങളിൽ സ്ഥാപിക്കാൻ പദ്ധതി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.