അരൂരിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം ആരംഭിക്കാൻ നീക്കം; തടയുമെന്ന് ആക്ഷൻ കൗൺസിൽ
text_fieldsഅരൂർ: ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ കളത്തിൽ ക്ഷേത്രത്തിന്റെ പരിസരത്ത് എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) അഥവാ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം ഉടൻ തുടങ്ങാനുള്ള നീക്കത്തിൽ ഗ്രാമ പഞ്ചായത്ത്. ഇത് തടയുമെന്ന പ്രഖ്യാപനവുമായി ആക്ഷൻ കൗൺസിലും.
എം.സി.എഫ് തുടങ്ങുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പരിസരവാസികളുടെ എതിർപ്പ് മൂലമാണ് നടക്കാതിരുന്നത്. ഇപ്പോൾ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ചുറ്റുമതിലും നിർമിച്ചു.
പഞ്ചായത്തിലെ 22 വാർഡുകളിലെയും വീടുകളിൽനിന്ന് ശേഖരിക്കുന്ന ശുചീകരിച്ച പ്ലാസ്റ്റിക് പാക്ക് ചെയ്ത് കയറ്റി അയക്കുന്ന സ്ഥാപനം എത്രയും പെട്ടെന്ന് ഉദ്ഘാടനം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഭരണനേതൃം ശ്രമിക്കുന്നത്. ജപ്പാൻ കുടിവെള്ള ജലസംഭരണി നിർമിക്കുന്നതിന് പഞ്ചായത്ത് വിലയ്ക്ക് വാങ്ങി ജല അതോറിറ്റിക്ക് നൽകിയ ഭൂമിയാണ് ഇപ്പോൾ തിരിച്ചുപിടിച്ച്, പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം തുടങ്ങാൻ നടപടി ആരംഭിച്ചിരിക്കുന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ആദ്യം വലിയ മാർക്കറ്റ് ആയിരുന്നു പഞ്ചായത്തിന്റെ ലക്ഷ്യം. ഗ്രാമസഭയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിച്ചു നൽകണമെന്ന് വാർഡ് നിവാസികൾ ആവശ്യപ്പെട്ടിരുന്നു.
പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം തുടങ്ങാനുള്ള എല്ലാ ശ്രമങ്ങളെയും തടയുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് സമരം നടത്താനെത്തിയ നാട്ടുകാരുമായി പൊലീസ് അനുരഞ്ജന ശ്രമങ്ങൾ പലത് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഒടുവിൽ നിയമനടപടികളുമായി ചേർത്തല മുൻസിഫ് കോടതിയിൽ ആക്ഷൻ കൗൺസിൽ എത്തി സ്റ്റേ വാങ്ങി. ഹൈകോടതിയിൽ പോയ അരൂർ പഞ്ചായത്ത് നിരോധന ഉത്തരവ് റദ്ദാക്കാൻ വിധി സമ്പാദിച്ചു. വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കെട്ടിടം നിർമിക്കാൻ ഹൈകോടതി അനുവദിച്ചതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
മാലിന്യനിയന്ത്രണ ബോർഡിന്റെയും ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാകണം കെട്ടിടം നിർമിക്കാനെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. നിയമനടപടികൾ തുടരുന്നത് കൊണ്ട് ഉദ്ഘാടനം വൈകുകയാണ്.ശുചിത്വമിഷനിൽ നിന്ന് അനുവദിച്ച 55 ലക്ഷം രൂപ കൊണ്ടാണ് എം.സി.എഫ് കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കുഞ്ഞുമോൻ, ബിജു എന്നിവർ പറഞ്ഞു.
നിലവിൽ ഉണ്ടായിരുന്ന അടിത്തറയിൽ മതിൽ നിർമിക്കുന്നതിനും 30 മീറ്ററോളം നീളമുള്ള കെട്ടിടം നിർമിക്കുന്നതിനും 50 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.
കെട്ടിടം തീരദേശ പരിപാലന നിയമങ്ങൾ അനുസരിക്കാതെയാണ് നിർമിക്കുന്നതെന്നും പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കാതെയാണെന്നും ആരോപിച്ച് ചന്തിരൂർ, വള്ളുവനാട് വീട്ടിൽ കുഞ്ഞുമോൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത കെട്ടിട നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് കെട്ടിടവും ചുറ്റുമതിലും നിർമിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.