തീപ്പെട്ടിക്കൊള്ളികളാൽ സംഗീതലോകം ഒരുക്കി ഷൈജു
text_fieldsതാൻ നിർമിച്ച സംഗീതോപകരണ മാതൃകകൾക്കൊപ്പം ഷൈജു
അരൂർ: മിഴിവൊത്ത തംബുരുവും വയലിനും വീണയും ഓടക്കുഴലുകളുമൊക്കെ തീപ്പെട്ടിക്കൊള്ളികൊണ്ട് പണിതൊരുക്കുകയാണ് ഷൈജു.
തീപ്പെട്ടിക്കൊള്ളികൾ പശതേച്ച് ഒട്ടിച്ച് ശിൽപഭംഗിയിൽ സംഗീത ഉപകരണങ്ങൾ പണിതൊരുക്കുന്നു. തടിയിൽ പണിതെടുക്കുന്ന ഒറിജിനൽ സംഗീത ഉപകരണങ്ങൾക്ക് സമാനമാണിവ. രൂപത്തിൽ മാത്രമല്ല അതേ വലിപ്പത്തിലും വായിക്കാവുന്ന തരത്തിലുമാണ് നിർമിക്കുന്നത്. സംഗീതം അറിയാവുന്നവർ അവ വായിക്കാറുമുണ്ട്.
തൃപ്പൂണിത്തുറ, കണ്ടനാടാണ് ഷൈജുവിന്റെ താമസം. അരൂർ കൃഷ്ണ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ഷൈജു ജോലിയില്ലാത്ത സമയങ്ങളിൽ വിരസത മാറ്റാൻ തുടങ്ങിയതാണ് സംഗീതോപകരണങ്ങളുടെ പകർപ്പ് ഉണ്ടാക്കൽ.
ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള നിർമാണ വൈദഗ്ധ്യം അതിശയിപ്പിക്കുന്നതാണ്. തുറവൂരിലെ തീപ്പെട്ടി കമ്പനിയിൽ നിന്നാണ് മരുന്നു പുരട്ടാത്ത തീപ്പെട്ടിക്കൊള്ളികൾ തൂക്കി വാങ്ങുന്നത്.
വേനൽ കടുത്തതോടെ മരങ്ങളോടും ഇഷ്ടം കൂടിയിരിക്കയാണ്. വീടിനുള്ളിൽ വളരുന്ന ബോൺസായിയുടെ പരിപാലനവും മേശമേൽ ഇരിക്കുന്ന കപ്പലുകളുടെ നിർമാണവുമൊക്കെ നടത്തുന്നുണ്ട്. സംഗീത ഉപകരണങ്ങളുടെ മിഴിവ് കണ്ട് പലരും കൗതുകത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ആർക്കും നൽകിയിട്ടില്ല. ലക്ഷക്കണക്കിന് തീപ്പെട്ടിക്കൊള്ളികൾ ഒന്നിച്ചു ചേർത്ത് പശകൊണ്ട് ഒട്ടിക്കും. ഉണങ്ങാൻ സമയമെടുക്കും. വീണ്ടും ഒട്ടിച്ച് ഓരോന്നും രൂപപ്പെടുത്താൻ ചിലപ്പോൾ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന് ഷൈജു പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.