തിരിച്ചുപിടിക്കണം, ഉൾനാടൻ കായൽ വിനോദസഞ്ചാരം
text_fieldsഅരൂർ: ആലപ്പുഴയുടെ തനിമ പൂർണമായും ഉൾക്കൊള്ളുന്ന ഉൾനാടൻ കായൽ വിനോദസഞ്ചാര മേഖലയെ ഉണർത്തിയെടുക്കണമെന്ന ആവശ്യം ശക്തമായി. അരൂർ മേഖലയിൽ കഴിഞ്ഞ നാളുകളിൽ ഉൾനാടൻ കായൽ വിനോദസഞ്ചാരം വലിയ അളവിൽ വികസിച്ചിരുന്നു.
വർഷങ്ങളുെടെ പരിശ്രമംകൊണ്ട് സജീവമായി വന്നതാണിത്. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് പ്രദേശമാണ് ഉൾനാടൻ ജലവിനോദ സഞ്ചാരത്തിന് അനുയോജ്യ അന്തരീക്ഷം ഒരുക്കിയത്. പച്ചത്തുരുത്തുകൾ, വീതികുറഞ്ഞ കായലുകൾ, തെങ്ങുകൾ തണൽ വിരിച്ച വീതിയുള്ള തോടുകളിലൂടെ ഒഴുകുന്ന വഞ്ചികൾ ഇവയൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്ന ആനന്ദകാഴ്ചകൾ.
കഴുക്കോൽകൊണ്ട് ഊന്നുന്ന വലിയ വള്ളങ്ങളിലാണ് സഞ്ചാരികൾ യാത്ര ചെയ്യുന്നത്. ഗ്രാമീണകാഴ്ചകൾ ആസ്വദിച്ച് മുന്നോട്ടുപോകുന്ന വള്ളങ്ങൾ ഇവിടെ പതിവ് കാഴ്ചയാണ്. വലവീശിയും ചൂണ്ടകൊണ്ടുമുള്ള മീൻപിടിത്തവും കയർപിരിയും വഞ്ചികളിൽനിന്നുതന്നെ ആസ്വദിക്കാം. മായമില്ലാത്ത മീൻ നേരിൽ വാങ്ങാം. കയർ ഉൽപന്നങ്ങളും വാങ്ങാനാകും.
കാലികളെ വളർത്തലും തെങ്ങുചെത്ത്് അടക്കമുള്ള ഗ്രാമവിശുദ്ധിയുടെ കാഴ്ചകൾ തൊട്ടടുത്തുനിന്ന് കണ്ട് ആസ്വദിക്കാൻ സൗകര്യം ഒരുക്കുന്നതാണ് തഴുപ്പിെൻറ മഹാത്മ്യം. കടൽവരെ എത്തുന്ന തോടുകളിലൂടെയുള്ള ജലസഞ്ചാരകാഴ്ച അപൂർവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽനിന്നും പല വിദേശരാജ്യങ്ങളിൽനിന്നും ഒട്ടേറെ സഞ്ചാരികൾ കഴിഞ്ഞ നാളുകളിൽ ഇവിടെ എത്തിയിരുന്നു.
വിനോദസഞ്ചാരമേഖല പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് കോവിഡ് ഇതിനെ നിശ്ചലമാക്കിയത്. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഈ മേഖലക്ക് ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് കോടികൾ മുടക്കിയ സംരംഭകർ. ഇതിനു പുറമെ സർക്കാർതന്നെ കോടികൾ മുടക്കിയിട്ടും പൂർത്തിയാകാത്ത നിരവധി വിനോദസഞ്ചാര പദ്ധതികളുമുണ്ട്.
സർക്കാർ-സ്വകാര്യ വ്യത്യാസമില്ലാതെ വിനോദസഞ്ചാര മേഖലയെ ഒന്നായി കണ്ട് സജീവമാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.