ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടിയില്ല; മാലിന്യവാഹിനിയായി ചന്തിരൂർ പുത്തൻതോട്
text_fieldsഅരൂർ: ചന്തിരൂർ പുത്തൻതോടിന്റെ കരയിൽ പൊതുശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഇനിയും നടപടിയില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ മത്സ്യസംസ്കരണ തൊഴിൽരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ മാലിന്യവാഹിനിയായി ഒഴുകുകയാണ് ചന്തിരൂർ പുത്തൻതോട്. മത്സ്യ സംസ്കരണ കയറ്റുമതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥാപനങ്ങൾ നിലനിൽക്കുന്നത് അരൂർ, ചന്തിരൂർ പ്രദേശത്താണ്.
ഇക്കാരണത്താൽ അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തെ മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് മികവിന്റെ പട്ടണമായി കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. അംഗീകാരം ലഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും മലിനീകരണത്തിൽനിന്ന് അരൂർ മേഖലയെ രക്ഷിക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതികളൊന്നും ഉണ്ടായില്ല.
പീലിങ് ഷെഡുകൾ ഹരിത ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പഞ്ചായത്ത് അധികാരികളും നിർദേശിക്കുന്നത്. നിർദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്ഥാപനങ്ങളും പീലിങ് ഷെഡുകൾക്ക് മുന്നറിയിപ്പ് കത്തുകൾ നൽകിയിരിക്കുകയാണ്.
എന്നാൽ, കേന്ദ്ര -സംസ്ഥാന സർക്കാറുകൾ മത്സ്യസംസ്കരണ കയറ്റുമതി മേഖലക്ക് നൽകേണ്ട അടിസ്ഥാന സൗകര്യം നൽകാത്തതിന്റെ പരിണിതഫലമാണിതെന്നാണ് ആക്ഷേപം. ചന്തിരൂർ പുത്തൻതോട്ടിന്റെ കരയിൽ പൊതുശുദ്ധീകരണ പ്ലാന്റ് നിർമിക്കാമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള സർക്കാർ ഇതിനുവേണ്ടി കോടികൾ മാറ്റിവെച്ചതായും പറയുന്നു. 70 സെന്റ് സ്ഥലം തോടിന്റെ കരയിൽ പ്ലാന്റിനുവേണ്ടി വാങ്ങിയിട്ടുണ്ട്.
കലക്ടർ ചെയർമാനായി സൊസൈറ്റിക്കും രൂപംനൽകിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണ വിശേഷങ്ങൾ ഉയർന്നുവരാറുണ്ടെങ്കിലും മറ്റൊന്നും നടക്കാറില്ല. പ്രതിസന്ധിഘട്ടത്തിലും ഈ വിഷയത്തെക്കുറിച്ച് ഹരിത ട്രൈബ്യൂണലിന് മതിയായ ഉറപ്പുനൽകാൻ സർക്കാർ ഏജൻസികൾ മുന്നോട്ടുവരാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അരൂർ മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ചെമ്മീൻ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. അരൂർ മണ്ഡലത്തിൽ നൂറുകണക്കിന് ഷെഡുകൾ ഈ തൊഴിൽരംഗത്ത് പ്രവർത്തിക്കുന്നു. പ്രതിസന്ധി നേരിടാൻ സർക്കാർ തലത്തിൽ തന്നെ പരിഹാരം ഉണ്ടാക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും ഷെഡ് ഉടമകൾക്കും പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.