ഓട്ടോകൾ പെരുകുമ്പോഴും അരൂരിൽ സ്റ്റാൻഡില്ല
text_fieldsഅരൂർ: അരൂരിൽ ഓട്ടോകൾ പെരുകുമ്പോഴും സ്റ്റാൻഡ് അനുവദിക്കുന്നില്ലെന്ന് പരാതി. അരൂരിൽ പ്രധാനമായും രണ്ട് സ്റ്റാൻഡാണുള്ളത്. ക്ഷേത്രം സ്റ്റാൻഡും പള്ളി സ്റ്റാൻഡും. പുതിയ ഓട്ടോകൾക്ക് ഈ സ്റ്റാൻഡുകളിൽ പെർമിറ്റ് അനുവദിക്കുന്നില്ലെന്നാണ് പരാതി.
അരൂർ ക്ഷേത്രം സ്റ്റാൻഡിൽ ഓട്ടോകൾ കിടക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് പെർമിറ്റ് അനുവദിക്കാത്തത്. പള്ളി സ്റ്റാൻഡ് കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഓട്ടോകൾ സ്വകാര്യ സ്ഥാപനങ്ങളുടെ മുന്നിൽ കിടക്കുന്നത് കച്ചവടത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേസ് ഹൈകോടതിയിൽ നടക്കുകയാണ്. കേസ് തീർപ്പാക്കും വരെ പുതിയ വണ്ടികൾക്ക് പള്ളി സ്റ്റാൻഡ് അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
അരൂരിൽ പുതുതായി അനുവദിക്കുന്ന ഓട്ടോകൾക്ക് അരൂർ പഞ്ചായത്ത് ഏരിയ എന്നാണ് രേഖപ്പെടുത്തുന്നത്. അരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ എവിടെയും കിടന്ന് ഓടാമെന്നാണ് ഡ്രൈവർമാർ കരുതുന്നത്.
എന്നാൽ, പുതിയ ഓട്ടോകളെ പള്ളി സ്റ്റാൻഡിൽ പ്രവേശിപ്പിക്കാൻ ഡ്രൈവർമാർ അനുവദിക്കുന്നില്ലത്രേ. അതുകൊണ്ട് പുതുതായി ഓടാൻ പെർമിറ്റുള്ള അരൂർ പഞ്ചായത്തിലെ എല്ലാ ഓട്ടോകളും അരൂർ ക്ഷേത്രം പരിസരത്തേക്ക് വരുകയാണ്. അരൂർ ക്ഷേത്രം സ്റ്റാൻഡിൽ മാത്രം 100നും 150നും ഇടക്ക് ഓട്ടോകൾ ഉണ്ടെന്നാണ് കണക്ക്. അരൂർ ക്ഷേത്രം മൈതാനത്തിന്റെ പടിഞ്ഞാറ് വശത്ത് ദേശീയ പാതക്കരികിൽ രണ്ടുവരിയായി ഓട്ടോകൾ കിടക്കണമെന്നാണ് പൊലീസ് പറയുന്നത്.
പലപ്പോഴും സ്ഥലമില്ലാത്തതിനെ തുടർന്ന് ക്ഷേത്ര മൈതാനിയിലേക്ക് വണ്ടികൾകയറ്റിയിട്ട് ഓടുകയാണ് പതിവ്. വരിതെറ്റിച്ച് കിടക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ പൊലീസ് പിഴയീടാക്കും. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള സ്റ്റാൻഡും നഷ്ടപ്പെടുമെന്നാണ് ഡ്രൈവർമാരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.