പെരുമ്പളം കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
text_fieldsഅരൂർ: വേമ്പനാട്ടുകായലിനും കൈതപ്പുഴക്കായലിനും മധ്യേ ഒറ്റപ്പെട്ട് കിടക്കുന്ന കായൽ ദ്വീപാണ് പെരുമ്പളം. പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ ഈ മനോഹര ഭൂപ്രദേശം ജില്ലയുടെ വടക്കേയറ്റത്താണ്. കേരസമൃദ്ധിക്കൊപ്പം നെൽപാടങ്ങൾക്കും കുറവില്ല. സുഖകരമാണ് കാലാവസ്ഥയും. പെരുമ്പളം തേങ്ങയും കുടംപുളിയും വെറ്റിലയും എന്തു കൃഷിചെയ്താലും സമൃദ്ധമായി വിളയുന്ന പത്തരമാറ്റ് മണ്ണ് എന്ന ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട് ഈ നാടിന്.
ചുറ്റുമുള്ള കായലിൽ വൻ കക്കശേഖരമുണ്ട്. ജനങ്ങളുടെ മുഖ്യതൊഴിൽ ഒരുകാലത്ത് കൃഷി, മീൻപിടിത്തം, കയറുപിരി എന്നിവയായിരുന്നു. തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവക്കൊപ്പം ചെറുപയർ, കാച്ചിൽ, ചേമ്പ് തുടങ്ങിയ ഇടവിളകൃഷിയും വ്യാപകമായിരുന്നു. ഓരുവെള്ളമുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഒരു വളവും ചെയ്തില്ലെങ്കിലും തെങ്ങ് നന്നായി തഴച്ചുവളരും. നല്ല കാമ്പുള്ള നാളികേരം. ധാരാളം വെളിച്ചെണ്ണ. മറ്റു കരകളെ അപേക്ഷിച്ച് പെരുമ്പളം കൊപ്രക്ക് നല്ല ഡിമാൻഡും. ഒരു വളവും ചെയ്യാതെ തന്നെ നെല്ല് സമൃദ്ധമായി വിളയുന്ന, കായൽ തീരത്തിനോടടുത്തുള്ള കരിനിലങ്ങൾ. വെറ്റില, കശുമാവ് കൃഷിയും ധാരാളമായി ഉണ്ടായിരുന്നു. ഇന്ന് നെൽകൃഷിയും തെങ്ങുകൃഷിയും തകർച്ചയിലാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ജെട്ടികളിൽനിന്ന് ബോട്ട് മാർഗം വേമ്പനാട്ടുകായലിൽ കിടക്കുന്ന മനോഹരമായ ചെറിയ പറുദീസയിലേക്ക് എത്താം. ആറു ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ ഏകദേശം പതിനയ്യായിരത്തോളം ജനസംഖ്യയുണ്ട്. കന്നുകാലികളെ വളർത്തൽ, പനയോല നെയ്ത്ത്, കയർ നിർമാണം, കക്ക, ചുണ്ണാമ്പുകല്ലുകൾ എന്നിവ ശേഖരിക്കുന്നതിന് പുറമെ ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗമാണ് മത്സ്യബന്ധനം. തോണികളാണ് ഇവിടുത്തെ പ്രധാന ഗതാഗതമാർഗം. അരൂക്കുറ്റിക്കരയിൽനിന്ന് ദ്വീപിലേക്ക് എത്തുന്നപാലം നിർമാണാവസ്ഥയിലാണ്. പാലം കയറിവരുന്ന വികസനം പെരുമ്പളത്തിന്റെ ഗ്രാമവിശുദ്ധിയെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.