കുഴികൾ നിറഞ്ഞു; ‘ജല’പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വീണ്ടും കുഴികൾ നിറഞ്ഞു. കനത്ത മഴയിലെ വെള്ളക്കെട്ട് ദുരിതം തീർത്തു. എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുരുക്കിൽപെട്ടത് മണിക്കൂറുകൾ. ബുധനാഴ്ച രാവിലെ മുതൽ കിലോമീറ്ററുകൾ നീണ്ട വാഹനനിരയായിരുന്നു. എരമല്ലൂരിൽ കണ്ടെയ്നർ ലോറി വഴിയിൽ കിടന്നതാണ് പ്രശ്നം. രണ്ടു ഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചതോടെ അരൂർ മുതൽ തുറവൂർ വരെ ഗതാഗതം സ്തംഭിച്ചു.
മണിക്കൂറുകൾക്കു ശേഷമാണ് കുരുക്കഴിച്ചത്. അരൂർ പൊലീസും കരാർ കമ്പനി നിയോഗിച്ച മാർഷൽമാരും കഠിനപ്രയത്നം നടത്തിയാണ് ഗതാഗതം സുഗമമാക്കിയത്. ആകാശപ്പാതയുടെ ഗർഡർ ഉയർത്തുന്ന ജോലി എരമല്ലൂർ ജങ്ഷനിൽ നടക്കുന്നതിനാൽ ചില സമയങ്ങളിൽ അരൂർ ഭാഗത്തുനിന്നും എഴുപുന്നയിലേക്ക് പോകാനുള്ള വാഹനങ്ങൾ എരമല്ലൂർ ജങ്ഷൻ കഴിഞ്ഞ് തെക്കോട്ട് മാറി യൂ ടേൺ തിരിഞ്ഞാണ് പോകുന്നത്. പലപ്പോഴും ദിശ മാറി ഓടുന്ന വാഹനങ്ങൾ എരമല്ലൂർ ജങ്ഷനിൽ കുരുക്കുണ്ടാക്കുന്നുണ്ട്.
അരൂർ ജങ്ഷനിൽ അരൂക്കുറ്റി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ തെക്കോട്ട് സഞ്ചരിച്ച് പെട്രോൾ പമ്പിന്റെ വടക്കുനിന്ന് യൂ ടേൺ എടുത്തുവേണം എറണാകുളം ഭാഗത്തേക്ക് തിരിയാൻ. യൂ ടേണിന് വേണ്ടി പൊളിച്ച ഭാഗം തകർന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. അരൂർ ക്ഷേത്രം ജങ്ഷനിൽ ടൈൽസ് നിരത്തിയെങ്കിലും കുറേ ഭാഗം റോഡ് നന്നാക്കാൻ കരാർ കമ്പനി തയാറായില്ല.
ദേശീയപാതയിൽനിന്ന് പെയ്തു വെള്ളം ഒഴിഞ്ഞുപോകാൻ മാർഗമില്ലാത്തത് വാഹനങ്ങളെയും യാത്രക്കാരെയും ദുരിതത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.