നാലുവരിപ്പാതയിലെ വാഹനങ്ങൾക്ക് ചതിക്കുഴി
text_fieldsഅരൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന നാലുവരിപ്പാതയിലെ അപകടകരമായ കുഴികൾ വാഹന യാത്രകൾക്ക് ഭീഷണിയാകുന്നു. ദേശീയപാതയുടെ ടാറിട്ട ഭാഗത്തിന് ശേഷമുള്ള മെറ്റലും മറ്റും കൊണ്ട് താൽക്കാലികമായി നിർമിച്ച റോഡിലാണ് അപകടക്കുഴികൾ. ദേശീയപാതയിലൂടെ ചേർത്തല ഭാഗത്തേക്ക് വന്ന കാറ് അരൂർ എസ്.ബി .ടി ക്കുമുന്നിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണിരുന്നു. യാത്രക്കാരും നാട്ടുകാരും ചേർന്നാണ് കുഴിയിൽ നിന്ന് തള്ളി മാറ്റിയത്.
ചന്തിരൂർ യൂനിയൻ ബാങ്കിന് മുൻവശത്തുള്ള കുഴിയിൽ വീണ ലോറി വലിയ ഗതാഗത സ്തംഭനമുണ്ടാക്കിയത് കഴിഞ്ഞ ദിവസമാണ്. എരമല്ലൂർ പിള്ളമുക്കിന് സമീപം കുഴിയിൽ വീണ ലോറി ബുധനാഴ്ച രാവിലെ മണിക്കൂറുകൾ ഗതാഗതക്കുരുക്കുണ്ടാക്കി. ചന്തിരൂർ കുമരത്തുപടി ക്ഷേത്രത്തിന് സമീപം രൂപപ്പെട്ട വലിയ കുഴിയിൽ കാർ കുരുങ്ങിയത് കഴിഞ്ഞദിവസമാണ്.
പുതുതായി നിർമിച്ച സർവീസ് റോഡ് ടാർ ചെയ്യാത്തതാണ് കുഴികൾക്ക് കാരണം. മഴ കടുത്തതോടെ താൽകാലിക റോഡ് നിർമിക്കാൻ ഉപയോഗിച്ച നിർമാണ സാമഗ്രികളെല്ലാം വെള്ളത്തിലൊഴുകി പോയതാണ് വലിയ കുഴികൾക്ക് കാരണം. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിൽ കുഴിയറിയാതെ പെട്ടുപോകുന്ന വാഹനങ്ങളാണ് അപകടത്തിലാകുന്നത്. വെള്ളത്തിൽ മറഞ്ഞു കിടക്കുന്ന കുഴികൾ ഇരുചക്രവാഹന യാത്രികർക്കാണ് ഏറെ ഭീഷണി ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.