അരൂക്കുറ്റിയിലെ സി.പി.എം ഭിന്നത സംസ്ഥാന സമിതിയിലേക്ക്
text_fieldsഅരൂക്കുറ്റി: സി.പി.എമ്മിൽ വ്യാപകമായി മെംബർഷിപ് കൊടുത്തതിനെച്ചൊല്ലിയുള്ള തർക്കെത്തത്തുടർന്ന് പരാതി സംസ്ഥാന നേതൃത്വത്തിലെത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അരൂക്കുറ്റിയിൽനിന്ന് നാൽപതോളം പ്രവർത്തകർ പരാതി അയച്ചുകഴിഞ്ഞു. അറുപതോളം പ്രവർത്തകർകൂടി പരാതി അയക്കുമെന്നാണറിയുന്നത്.
ഏരിയ സമ്മേളത്തിന് മുന്നോടിയായി മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപകമായി മെംബർഷിപ് കൊടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് അരൂക്കുറ്റിയിൽ വിഭാഗീയതക്ക് കളമൊരുങ്ങിയത്. നിലവിലെ നേതൃത്വത്തിനുതന്നെ അധികാരം പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാജ മെംബർഷിപ് വിതരണത്തിലൂടെ നടപ്പാക്കിയതെന്ന് ഒരുവിഭാഗം വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഏരിയ-ജില്ല നേതൃത്വത്തിന് കൊടുത്തെങ്കിലും അവർ പരിഗണിച്ചില്ല. ബ്രാഞ്ച് കമ്മിറ്റികളോടുപോലും ആലോചിക്കാതെ ജില്ല കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അംഗത്വപട്ടിക തയാറാക്കിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
എൽ.സി അംഗംകൂടിയായ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെയുള്ളവർ വ്യാജ മെംബർഷിപ്പിൽ പ്രതിഷേധിച്ച് പാർട്ടിക്ക് അവധി അപേക്ഷ നൽകി. അവധി അപേക്ഷ നൽകിയവരെ എൽ.സിയിൽനിന്ന് നീക്കാൻ തീരുമാനമെടുത്തതോടെ വിഭാഗീയത രൂക്ഷമായി.
അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ അവധിക്ക് അപേക്ഷ നൽകിയതോടെ കൂടുതൽ തലവേദനയായി. എൽ.സി മെംബർമാർ ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതോടെ സ്ഥിതി രൂക്ഷമാവുകയാണ്. യുവാക്കളായ പാർട്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തുവരുന്നതും വിഭാഗീയത രൂക്ഷമാകുന്ന സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.