തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കോഴികളെയും നഷ്ടപ്പെട്ട് പുരുഷോത്തമൻ
text_fieldsഅരൂര്‍: 10 ദിവസം മുമ്പ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 500 താറാവുകളെ നഷ്ടപ്പെട്ട കര്ഷകന് ഇരട്ടപ്രഹരം. ഇത്തവണ 30 വളര്‍ത്തുകോഴികളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്.
അരൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് തഴുപ്പ് കളപ്പുരക്കല്‍ കെ.കെ. പുരുഷോത്തമനാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ താറാവുകളെയും കോഴികളെയും നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചക്കുശേഷമാണ് നായ്ക്കള്‍ കോഴിക്കൂട്ടില്‍ കയറി ആക്രമണം നടത്തിയത്. കോഴി, താറാവ് വളര്‍ത്തി ഉപജീവനം കഴിഞ്ഞ പുരുഷോത്തമന് ഇതോടെ ദുരിതത്തിലായി.ജനുവരി 30നാണ് പുരുഷോത്തമന്റെ 500 താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. താറാവുകൾ ചത്തതുമൂലം രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിവരം വെറ്ററിനറി വിഭാഗത്തിലും പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും നഷ്ടപരിഹാരം ഒന്നും ലഭ്യമായിട്ടില്ല.
പുരുഷോത്തമന്റെ വീടിനടുത്തുള്ള തഴുപ്പ് ഇടപ്പറമ്പ് ജയരാജിന്റെ 110ഓളം താറാവുകളെയും ജനുവരിയിൽ നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. ഇദ്ദേഹത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല.
തഴുപ്പ്, സമീപപ്രദേശമായ ചക്കച്ചേരി, തറമേല്‍ എന്നിവിടങ്ങളില്‍ തെരുവു നായ് ശല്യം രൂക്ഷമാണ്. സ്കൂള്‍ കുട്ടികളടക്കം നടന്നുപോകുമ്പോള്‍ നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് രക്ഷിതാക്കള്‍.
പ്രദേശത്തുള്ളവരില്‍ ചിലര്‍ നായ്ക്കള്‍ക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കാറുണ്ട്. ഇത് ലഭിക്കാതെ വരുമ്പോഴാണ് അക്രമാസക്തമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.