ഉന്തിയും ഉരുണ്ടും ഓട്ടോ മേഖല; തൊഴിലാളികളിൽ നിരാശയുടെ നിഴൽ
text_fieldsഅരൂർ: അനാകർഷകമാകുകയാണ് ഓട്ടോറിക്ഷകളുടെ ലോകം. വ്യത്യസ്ത കാരണങ്ങളാൽ സ്വയംതൊഴിലെന്ന അഭിമാനവും നഷ്ടമാകുന്നു. അടിക്കടി ഉണ്ടാവുന്ന ഇന്ധന വിലവർധനയും ഗ്രാമീണ റോഡുകളുടെ തകർച്ചയും സ്പെയർപാർട്ടുകളുടെ നിയന്ത്രണാതീതമായ വിലക്കയറ്റവും ഗതാഗത നിയമങ്ങളിലെ ഭേദഗതികളും ഇൻഷുറൻസ് പോളിസിയുടെ നിരക്ക് വർധനയും എല്ലാം ഈ തൊഴിൽ രംഗത്തെ നിരന്തരം പ്രതിസന്ധിയിലാക്കുന്നു.
ഓട്ടോ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞുവരുന്നതും തൊഴിൽ മേഖലയെ വലക്കുന്നുണ്ട്. 1975ൽ ജില്ലയിൽ ആദ്യമായി 16 ഓട്ടോറിക്ഷകൾ ഇറങ്ങിയപ്പോൾ സൈക്കിൾ റിക്ഷ ചവിട്ടി കുടുംബം പുലർത്തിയിരുന്ന തൊഴിലാളികൾ, തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ പപ്പായ കുഴലിൽ മണ്ണെണ്ണയൊഴിച്ച് തീപ്പന്തം ഉണ്ടാക്കി പ്രകടനം നടത്തിയത് ആദ്യകാല ഓട്ടോറിക്ഷ തൊഴിലാളിയായ ഗോപിയുടെ ഓർമയിൽ ഇന്നുമുണ്ട്.
ജില്ലയിൽ എത്തിയ 16 ഓട്ടോറിക്ഷകളിൽ അരൂർ മേഖലയിൽ ഒരെണ്ണം അനുവദിച്ചത് എരമല്ലൂർ ഗോപിക്കായിരുന്നു. ഇന്നും ഓട്ടോയുമായി ഗോപി എരമല്ലൂരിലുണ്ട്. 1975ൽ ഒരു ഓട്ടോറിക്ഷ ഓടിയിരുന്നിടത്ത് ഇന്ന് എരമല്ലൂർ സ്റ്റാൻഡിൽ മാത്രം 180ഓളം ഓട്ടോറിക്ഷകൾ ഉണ്ട്.
ഓടാൻ പെർമിറ്റ് ജില്ലകളിൽ മാത്രം
ഒരു ജില്ലയിൽ ഓടുന്ന ഓട്ടോറിക്ഷകൾ മറ്റ് ജില്ലകളിലേക്ക് ഓടാൻ പാടില്ലെന്ന നിയമം അപരിഷ്കൃതമാണെന്ന് തൊഴിലാളികൾ പറയുന്നു. മറ്റ് ജില്ലകളിലേക്കുകൂടി ഓടാനുള്ള അനുവാദം നിയമഭേദഗതികളിലൂടെ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ജില്ലയിലെ അതിർത്തിപ്രദേശമായ അരൂരിൽ നിന്ന് 19 കിലോമീറ്റർ ഓവർലാപ്പിങ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.അടുത്തുള്ള ജില്ലകളിലേക്കെങ്കിലും പൂർണമായും ഓടാൻ അനുവദിക്കുന്ന സ്ഥിതിയുണ്ടായാലേ തൊഴിലാളികൾക്ക് ആദായകരമായി മുന്നോട്ടുപോകാൻ സാധിക്കൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തൊഴിലിട നഷ്ടം വലിയ പ്രതിസന്ധി
അരൂർ മേഖലയിൽ ഒരിടത്തും പഞ്ചായത്തുകൾ സ്ഥലമെടുത്ത് ഓട്ടോസ്റ്റാൻഡ് അനുവദിച്ച് നൽകിയിട്ടില്ല. ദേശീയപത ഒറ്റവരിയായിരുന്ന പഴയകാലം മുതൽ റോഡരികിലാണ് ഓട്ടോകൾ പാർക്ക് ചെയ്തിരുന്നത്. രണ്ടുവരിയായി ദേശീയപാത വികസിപ്പിച്ചപ്പോൾ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കപ്പെട്ടില്ല. പഴയനിലയിൽ ദേശീയപാതക്കരികിൽതന്നെ പാർക്ക് ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാവുകയായിരുന്നു.
എന്നാൽ, ദേശീയപാതയിലേക്ക് തുറന്നുവെച്ചിട്ടുള്ള കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ ഓട്ടോറിക്ഷകൾ കിടക്കുന്നത് പുതിയ കച്ചവടക്കാരിൽ പലർക്കും ബുദ്ധിമുട്ടായി തോന്നിയതോടെ പലയിടത്തും തടസ്സവാദങ്ങളും സംഘർഷങ്ങളുമുണ്ടായി. അനുരഞ്ജനത്തിനും പ്രശ്നം അവസാനിപ്പിക്കാനും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടിട്ടില്ലെന്ന വിമർശനം തൊഴിലാളികൾക്കുണ്ട്. പല സ്റ്റാൻഡുകളിലുമുള്ള തൊഴിലാളികൾക്കും നിയമവഴികൾ തേടേണ്ടിവന്നു. ഉന്തി, ഉരുട്ടി കുടുംബ ചെലവുകൾ ഒരുവിധം ഒപ്പിച്ചു പോകുന്ന ഓട്ടോക്കാർ വലിയ തുക ഫീസ് നൽകി അഭിഭാഷകരെ കേസ് നടത്താൻ ചുമതലപ്പെടുത്തേണ്ട ഗതികേടിലായി.
എരമല്ലൂരിൽ ഒരു സ്റ്റാൻഡിൽ കിടന്ന ഓട്ടോകൾ നാല് സ്റ്റാൻഡുകളിലായാണ് ഇപ്പോൾ ഓടുന്നത്. സ്ഥിരമായി കിടന്നിരുന്ന സ്റ്റാൻഡിൽ തർക്കം വന്നതിനെത്തുടർന്നാണ് തൊഴിലാളികൾ ശിഥിലമായത്. അരൂർ പള്ളി സ്റ്റാൻഡിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഇടുന്നതിന് സ്ഥലം തേടിയുള്ള നിയമ പോരാട്ടത്തിലാണ്. ദേശീയപാത വികസനത്തിന്റെ അടുത്ത ഘട്ടത്തിലെങ്കിലും ഓട്ടോ സ്റ്റാൻഡുകൾകൂടി അനുവദിച്ചു കിട്ടണമെന്ന ആവശ്യത്തിലാണ് തൊഴിലാളികൾ.
മുമ്പ് പ്രതീക്ഷയുടെ തൊഴിലിടം
യുവാക്കളുടെ ആകർഷകമായ തൊഴിലിടമായിരുന്നു മുമ്പ് ഓട്ടോറിക്ഷ പ്രസ്ഥാനം. ഡ്രൈവിങ് പഠിച്ച യുവാക്കൾക്കൊപ്പം യുവതികളും ഈ രംഗത്തേക്ക് കടന്നുവന്നു. സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയുന്ന തൊഴിൽ മേഖല എന്ന നിലയിൽ നല്ല സ്വീകാര്യതയുമുണ്ടായിരുന്നു. സ്വന്തമായി ഓട്ടോ വാങ്ങാൻ സാമ്പത്തികസ്ഥിതിയില്ലാത്തവർക്ക് ഡ്രൈവർമാരായി ജോലി ചെയ്യാനും അവസരമുണ്ടായിരുന്നു.
എന്നാൽ, പലവിധ പ്രതിസന്ധികൾ നേരിടുന്നതാണ് ഈ തൊഴിൽ മേഖലയെയും ആകർഷകമല്ലാതാക്കുന്നത്. നാലുലക്ഷം രൂപവേണം ഇപ്പോൾ ഒരു പുതിയ ഓട്ടോ വാങ്ങാൻ.പുതിയ ഓട്ടോകൾക്ക് പ്രകൃതി വാതകമാണ് ഇന്ധനം. ആദ്യമൊക്കെ പ്രകൃതിവാതകം മറ്റ് ഇന്ധനത്തെക്കാൾ ലാഭകരമായിരുന്നു.
എന്നാൽ, ഇപ്പോൾ മറ്റ് ഇന്ധനത്തിന് ഒപ്പംതന്നെ പ്രകൃതി വാതകത്തിന്റെ വിലയും ചേർന്നു പോകുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. യന്ത്രത്തകരാർ വന്നാൽ റിപ്പയർ ചെയ്യാൻ ഓട്ടോ കമ്പനിയിൽനിന്നുള്ള മെക്കാനിക് എത്തണം എന്നതാണ് മറ്റൊരു പ്രശ്നം. ഇതിലൂടെയുണ്ടാകുന്ന കാലതാമസം ഓട്ടം മുടക്കും.പുതിയ ഓട്ടോകളുടെ സ്പെയർപാർട്ടിന്റെ വിലയും ദൗർലഭ്യവും തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.