മൃതശരീര സംസ്കാരത്തിന് സമീപ പഞ്ചായത്തുകളെ ആശ്രയിച്ച് അരൂർ നിവാസികൾ
text_fieldsഅരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ ശ്മശാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെ കഴിഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലും ശ്മശാനത്തിലും എത്താത്ത സംഘടനകളില്ല. വ്യവസായ കേന്ദ്രം അരൂരിൽ സ്ഥാപിച്ചപ്പോൾ ഒട്ടേറെ വീടുകൾ സ്ഥലത്തിനുവേണ്ടി ഒഴിപ്പിച്ചിരുന്നു.അക്കാലത്ത് അനുവദിക്കപ്പെട്ടതാണ് ശ്മശാനത്തിനുള്ള സ്ഥലം. വിറകുകൂട്ടി മൃതശരീരം കത്തിക്കുന്ന പൊതുശ്മാശാനമായിരുന്നു ആദ്യമൊക്കെ ,പിന്നീട് അടുത്തകാലത്ത് ആധുനിക സൗകര്യങ്ങളോടെ കോടികൾ ചെലവ് ചെയ്തു ക്രിമിറ്റോറിയം സ്ഥാപിച്ചു. രണ്ട് മൃതശരീരങ്ങൾ ഒരേസമയത്ത് സംസ്കരിക്കാൻ കഴിയുമെന്നും, ഗ്യാസിൽ പ്രവർത്തിക്കുന്ന ക്രിമിറ്റോറിയം തകരാറു സംഭവിക്കാത്ത നിലയിലാണ് പണി കഴിപ്പിച്ചിട്ടുള്ളതെന്നും അധികാരികൾ അവകാശപ്പെട്ടു. ആദ്യമൊക്കെ വലിയ തകരാറില്ലാതെ പരാതികളില്ലാതെ നിലനിന്നു. കോവിഡ് രോഗ വ്യാപനത്തിനുശേഷം തകരാറുകൾ നിത്യമായി. കോവിഡ് രോഗം വന്നു മരണപ്പെട്ടവരെ പ്ലാസ്റ്റിക്കുകളോടെ സംസ്കരിച്ചതാണ് ക്രിമിറ്റോറിയത്തിന്റെ തകരാറിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
തകരാറുകൾ ആവർത്തിക്കാതിരിക്കാൻ മികച്ച സാങ്കേതിക വൈദഗ്ധത്തോടെ തകരാറ് പരിഹരിക്കാൻ മികച്ച കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.15 ലക്ഷം രൂപ ഇതിനായി വക കൊള്ളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മെക്കാനിക്കൽ എൻജിനീയർമാർ ശ്മശാനം സന്ദർശിക്കുന്നതോടെ പണി ആരംഭിക്കാൻ കഴിയുമെന്നും പറയുന്നു. മരണപ്പെടുന്ന അരൂർ നിവാസികളെ നെട്ടൂർ, അരൂക്കുറ്റി,പള്ളുരുത്തി തുടങ്ങി കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയാണ് ഇപ്പോൾ സംസ്കരിക്കുന്നത്.
അരൂർ നിവാസികളെ അരൂരിലെ ശ്മശാനത്തിൽ സംസ്കരിക്കാൻ അരൂർ പഞ്ചായത്ത് 3500 രൂപ ഫീസായി വാങ്ങുന്നുണ്ട്. മറ്റു പഞ്ചായത്തുകളിൽ നിന്ന് എത്തുന്നവർക്ക് 5000 രൂപയാണ് ഫീസ്. അരൂരിലെ തകരാറുകൾ പരിഹരിക്കുന്നതുവരെ മറ്റു സ്ഥലങ്ങളിൽ സംസ്കാരത്തിന് കൊണ്ടുപോകുന്നവർക്ക് സാംസ്കരിക്കാനുള്ള തുകയും ആംബുലൻസ് സൗകര്യവും സൗജന്യമായി ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോളനികളും ലക്ഷംവീടുകളും മൂന്നു സെൻ്റ് പോലും സ്ഥലമില്ലാത്ത നിരവധി വീടുകളുമുള്ള അരൂർ പഞ്ചായത്തിൽ പൊതുശ്മശാനം തീർത്തും സൗജന്യമായി അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം :അരൂർ ഗ്രാമപഞ്ചായത്ത് വക പൊതു ശ്മശാനം ശാന്തിഭൂമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.