ശുചീകരണ പദ്ധതികൾ താളം തെറ്റി; അരൂർ വെള്ളക്കെട്ടിൽ
text_fieldsഅരൂർ : കാലവർഷം നേരിടാനുള്ള അരൂർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ താളം തെറ്റി. ഒമ്പതു മാസം മുമ്പ് തന്നെ 22 വാർഡുകളിലെയും തോടുകളുടെ ആഴം കൂട്ടി ശുചീകരണം നടത്താൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തോടുകളുടെ ആഴം കൂട്ടുന്നതിനും അഴുക്ക് കോരി കളയുന്നതിനും ഓരോ വാർഡിനും ഒരു ലക്ഷം രൂപ വീതം വകയിരുത്തിയിരുന്നു. പദ്ധതിക്ക് കരാറുകാരനെയും ഏർപ്പാട് ചെയ്തു.
എന്നാൽ കേവലം മൂന്ന് വാർഡുകളിൽ മാത്രമാണ് ശുചീകരണം നടന്നത്. അരൂർ പഞ്ചായത്തിലെ 22 വാർഡുകളിൽ ഭൂരിപക്ഷം വാർഡുകളും തീരമേഖലകളിലാണ്. കായൽ തീരങ്ങളിലും പാടശേഖരത്തിന്റെ കരകളിലുമുള്ള നൂറുകണക്കിന് വീടുകൾ വേനൽ മഴയിൽ തന്നെ വെള്ളത്തിലായിരിക്കുകയാണ്. പെയ്തു വെള്ളം ഉൾക്കൊള്ളാനാകാതെ തോടുകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. തോരാതെ പെയ്യുന്ന മഴയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ നാട്ടുകാർ കഷ്ടപ്പെടുകയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശുചീകരണ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. എന്നാൽ ഇതുപോലുള്ള അത്യാവശ്യ വികസന കാര്യങ്ങളിൽ പ്രത്യേക അനുമതി വാങ്ങാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കക്കൂസും കുളങ്ങളും കിണറുകളുമെല്ലാം മഴ വെള്ളത്തിൽ മുങ്ങി പകർച്ചവ്യാധികളുടെ സാഹചര്യം ഒരുക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ പറഞ്ഞു.
ഹരിപ്പാട്- ഇലഞ്ഞിമേൽ റോഡിൽ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
മാന്നാർ: ഹരിപ്പാട്- ഇലഞ്ഞിമേൽ റോഡു നവീകരണത്തിനു ശേഷം മാന്നാർ കുട്ടമ്പേരൂർ 11, 12 വാർഡുകളിലായുള്ള ഗുരുതിമുക്കിലെ വെള്ളക്കെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചു. മന്ത്രി മുഹമ്മദ്റിയാസിന് ഇതേപ്പറ്റി പരാതി നൽകിയിരുന്നു. ചെറിയൊരു മഴപെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്നത് ഓട പണിയാത്തതുമൂലമാണ്.
വാട്ടർ അതോറിറ്റിയുടെ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറിയാലെ ഓട നിർമ്മിക്കുവാൻ കഴിയുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിച്ച് ഏഴു ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ നിലവിലെ റോഡ് ഉയർത്തിയാലും ഓട ഇല്ലാത്തതിനാൽ വെള്ളക്കെട്ട് മാറുകയില്ല. പി.ഡബ്ല്യു.ഡി റോഡിൽ ഓട പണിയുവാനുള്ള അനുമതി പഞ്ചായത്തിന് ലഭിക്കില്ലെന്നും വാർഡ് മെമ്പർ അജിത്ത് പഴവൂർ അറിയിച്ചു.
ചത്തിയറ അപ്രോച്ച് റോഡ് താൽക്കാലികമായി അടച്ചു
ചാരുംമൂട്: നിർമാണം നടക്കുന്ന ചത്തിയറ പാലത്തിന്റെ അപ്രോച്ച് റോഡ് താത്കാലികമായി അടച്ചു. ഓച്ചിറ-താമരക്കുളം റോഡിലെ ചത്തിയറ പാലം വീതികൂട്ടി പുനർനിർമിക്കുന്നതിന്റെ ഭാഗമായി നിർമിച്ച താത്കാലിക പാലമാണ് വെള്ളം കയറിയതിനാൽ താത്കാലികമായി അടച്ചത്. താത്കാലിക പാലത്തിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന പാത ചെളിക്കുണ്ടായിമാറിയ നിലയിലായിരുന്നു.
കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടിലായിരുന്നു. പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രികർ ചെളിക്കുണ്ടിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.
നടീൽ വയലിലൂടെയുള്ള സമാന്തര റോഡിന്റെ നിർമാണം മുടങ്ങിക്കിടക്കുന്നതിനാൽ താമരക്കുളത്തു നിന്നും പടിഞ്ഞാറൻ പ്രദേശങ്ങളായ ചത്തിയറ, വള്ളികുന്നം, ചൂനാട്, ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അടുത്ത ആഴ്ച സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും ബുദ്ധിമുട്ടിലാകും. താമരക്കുളം, ആനയടി, പുലിക്കുളം ഭാഗങ്ങളിൽനിന്ന് ഒട്ടധികം വിദ്യാർഥികളാണ് ചത്തിയറ ഗവ.എൽ.പി. സ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്നത്.
നിർമാണം മുടങ്ങി തകർന്നു കിടക്കുന്ന വേടരപ്ലാവ് - പണയിൽ മാർത്തോമപള്ളി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കിയാലേ രണ്ട് വർഷങ്ങളായുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമാകൂ. താത്കാലിക പാലം വീതികൂട്ടി പുനർനിർമിക്കുകയും പാലത്തിന് ഇരുവശവുമുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയും വേണം.
മാലിന്യം നിറഞ്ഞ് പി.ഐ.പി കനാൽ കവിഞ്ഞൊഴുകി
മാന്നാർ: പി.ഐ.പി കനാൽ എല്ലാ മഴക്കാലത്തും കവിഞ്ഞൊഴുകുന്നത് ഇരു പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. പ്രധാന റോഡിലൂടെ കടന്നുപോകുന്നവർ തള്ളുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു തടസ്സപ്പെടുന്നതാണ് പ്രശ്നമാകുന്നത്. കവിഞ്ഞൊഴുകുന്ന വെള്ളം കിണറുകളിലേക്ക് ഇറങ്ങി കുടിവെള്ളവും മലിനമാകുന്നു.
കനാലിൽ മാലിന്യങ്ങൾ വന്നടിഞ്ഞതോടെ കുരട്ടിശ്ശേരി പാടശേഖരത്തിലേക്ക് കൃഷിക്ക് ആവശ്യമായി എത്തേണ്ട വെള്ളവും കിട്ടിയിരുന്നില്ല. കനാലിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ദുർഗന്ധവും കൊതുകും വർധിച്ചിരിക്കുകയാണ്. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശാലിനി രഘുനാഥിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മാലിന്യങ്ങൾ ഒരു ഭാഗത്തേക്ക് തള്ളിനീക്കിയതോടെയാണ് ചെറിയ ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.