അരൂരിൽ ഷാനിമോൾ ഉസ്മാന് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർഥി മാറാൻ സാധ്യത
text_fieldsഅരൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ മാറ്റം പ്രതീക്ഷിക്കുന്നിെല്ലങ്കിലും എൽ.ഡി.എഫ് പുനരാലോചനയിൽ. യു.ഡി.എഫ് ഷാനിമോൾ ഉസ്മാന് വീണ്ടും അവസരം നൽകുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, സ്ഥാനാർഥി നിർണയ ചർച്ചകൾ സി.പി.എമ്മിൽ തകൃതിയായി നടക്കുകയാണ്. എ.എം. ആരിഫിലൂടെ വർഷങ്ങൾക്കുശേഷമാണ് മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്.
ലോക്സഭാംഗമായി ആരിഫ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ അട്ടിമറി വിജയം നേടുകയായിരുന്നു. സി.പി.എമ്മിലെ മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയായിരുന്നു യു.ഡി.എഫിെൻറ വിജയം. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 69,356 വോട്ടും സി.പി.എമ്മിലെ മനു സി. പുളിക്കലിന് 67,277 വോട്ടുമാണ് കിട്ടിയത്. 2079 വോട്ടായിരുന്നു ഭൂരിപക്ഷം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ എം.എൽ.എയായിരുന്ന എ.എം. ആരിഫ് മത്സരിച്ച് വിജയിച്ചത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ആകെയുള്ള 20 സീറ്റിൽ ആലപ്പുഴ മാത്രമാണ് ഇടതിന് ലഭിച്ചത്. ആരിഫ് വിജയംനേടിയപ്പോഴും അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാന് 963 െൻറ ഭൂരിപക്ഷമുണ്ടായിരുന്നു.
2016ൽ എ.എം. ആരിഫ് മൂന്നാം തവണ നിയമസഭയിലേക്ക് വിജയിച്ചത് കേരളത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു- 38,519 വോട്ട്. എന്നാൽ, ഈ ഭൂരിപക്ഷവും മറികടന്നാണ് ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഭൂരിപക്ഷം നേടിയത്.
സ്ഥാനാർഥിയെ മാറ്റിയാൽ സി.പി.എം ആദ്യ പരിഗണന നൽകുന്നത് സംസ്ഥാന സമിതി അംഗവും കെ.എസ്.ഡി.പി ചെയർമാനുമായ സി.ബി. ചന്ദ്രബാബുവിനായിരിക്കും. പി.പി. ചിത്തരഞ്ജനാണ് മറ്റൊരു നേതാവ്. പൊതുസമ്മതരായ മറ്റു ചിലരും പരിഗണനയിലുണ്ടെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.