പ്രകൃതിയിലേക്ക് മിഴിതുറന്ന് വെളുത്തുള്ളി
text_fieldsഅരൂർ: ചന്തിരൂർ വെളുത്തുള്ളി കായൽപ്രദേശം പ്രകൃതിരമണീയമാണ്. അരൂർ പഞ്ചായത്തിലെ ഏറ്റവും മനോഹര തീരപ്രദേശം. തെങ്ങുകൾ തഴച്ചുവളരുന്ന മൺചിറയുടെ ഒരു ഭാഗത്ത് കുറുമ്പിക്കായലും മറുഭാഗത്ത് മത്സ്യപാടവും അതിരിടുന്നു. സദാ കുളിർകാറ്റ് വീശുന്ന ഗ്രാമപ്രദേശം........
അരൂർ ഗ്രാമവാസികൾപോലും വേണ്ട വിധത്തിൽ ആസ്വദിച്ചിട്ടില്ല. കേരള ചരിത്രത്തിൽ മറക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യമുണ്ട്, വെളുത്തുള്ളിക്ക്.
1967-'68 കാലഘട്ടത്തിൽ വെളുത്തുള്ളി സമരം നടന്നു. ഇടതുസർക്കാർ ഭൂരഹിതരായ കുറേപ്പേർക്ക് വെളുത്തുള്ളി കായൽ നികത്തി, ഭൂമി പതിച്ചുകൊടുക്കാൻ തീരുമാനിച്ചത് മത്സ്യത്തൊഴിലാളികൾ കോൺഗ്രസിെൻറ നേതൃത്വത്തിൽ എതിർത്തു. അരൂർ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയമ്മയും സി.പി.എമ്മും ഒരു ഭാഗത്തും കോൺഗ്രസും മത്സ്യത്തൊഴിലാളികളും മറുഭാഗത്തും നിലയുറപ്പിച്ചതോടെ, സമരം സംഘർഷഭരിതമായി. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ.കെ. ആൻറണിയെ പൊലീസിെൻറ മർദനമേറ്റ് അരൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരം അടിച്ചമർത്തപ്പെട്ടു. ഭൂമി വിതരണം ചെയ്യപ്പെട്ടു.
അന്നത്തെ രാഷ്ട്രീയ ശത്രുക്കൾ പിന്നീട് മിത്രങ്ങളായി മാറി. പതിച്ചുനൽകിയ കായൽ മത്സ്യപാടമായി മാറി. 70 ഏക്കറോളമു ള്ള മത്സ്യപാടത്തിനും ചുറ്റുമുള്ള മൺചിറയിൽ ടൈൽ വിരിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് സജ്ജമാക്കണമെന്നും മത്സ്യപാടത്ത് പെഡൽ ബോട്ടുകൾ അനുവദിച്ച് വിനോദ സഞ്ചാരത്തിന് വെളുത്തുള്ളിയെ അണിയിച്ചൊരുക്കണമെന്നും ആവശ്യപ്പെട്ട് വെളുത്തുള്ളി കർഷകസംഘം അരൂർ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.
മത്സ്യപാടത്തിന് അരികിൽ താമസിക്കുന്ന 40ലധികം കുടുംബങ്ങളിൽ ഹോംസ്റ്റേ അനുവദിക്കാവുന്ന വീടുകളിൽ സഞ്ചാരികളെ സ്വീകരിച്ച് ഈ മനോഹരതീരത്തിെൻറ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ്, നാട്ടുകാർക്കും പ്രയോജനപ്പെടും വിധം ഉത്തരവാദ ടൂറിസം വികസിപ്പിക്കാൻ അധികാരികൾ പരിശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് റോഡും കൽെക്കട്ടും സാധ്യമായാൽ, അസാധാരണ വെള്ളപ്പൊക്കം കായൽക്കരയിൽ ദുരിതം ഉണ്ടാക്കില്ല. സഞ്ചാരികളും പെഡൽ ബോട്ടുകളും സജീവമായാൽ മത്സ്യപാടത്ത് ഓക്സിജെൻറ അളവ് കൂടുതലാക്കുമെന്നും അത് മത്സ്യകൃഷിക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.