ബോട്ട് കമ്പനിയിൽ കായൽ കൈയേറ്റമെന്ന്; സി.പി.എമ്മിന് തലവേദന
text_fieldsഅരൂർ: ഗ്രാമപഞ്ചായത്ത് 22ാം വാർഡിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ ബോട്ട് കമ്പനിയിൽ കായൽ കൈയേറ്റം.
കൈയേറ്റത്തിനും നികത്തലിനും സി.പി.എമ്മിൽപെട്ടവർ കൂട്ടുനിൽക്കുന്നതിനെതിരെ പാർട്ടിയിലുള്ളവർ പരാതിയുമായി രംഗത്തെത്തിയതാണ് പാർട്ടിക്ക് തലവേദനയായത്.
കുമ്പളങ്ങി കായൽതീരത്താണ് പതിറ്റാണ്ടുകൾക്കുമുമ്പ് ബോട്ട് കമ്പനി സ്ഥാപിച്ചത്. ഇതിനിടെ കമ്പനി സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനം നിർമിക്കാൻ മറിച്ചുകൊടുത്തതാണെന്നും പറയപ്പെടുന്നു.
കമ്പനി വളപ്പിൽ ലോഡുകണക്കിന് പൂഴിമണൽ കഴിഞ്ഞദിവസം എത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. കമ്പനിക്കുള്ളിലേക്ക് ആർക്കും പ്രവേശനം അനുവദിക്കാത്തതും ദുരൂഹതക്ക് ഇടയാക്കി.
മാസങ്ങൾക്കുമുമ്പ് കായൽ കരയിൽ പൂഴിയടിച്ചത് പൊതുപ്രവർത്തകർ തടയുകയും വില്ലേജ് ഓഫിസറെ അറിയിച്ചതിനെ തുടർന്ന് അധികാരികളെത്തി കൈയേറ്റം നിർത്തിവെപ്പിച്ചതുമാണ്. എന്നാൽ, പിന്നെയും നികത്തലും കൈയേറ്റവും തുടരുകയാണെന്ന വിവരമാണ് പ്രതിഷേധം വ്യാപിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന അരൂർ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ വിഷയം ചർച്ചയായി.
കായൽ കൈയേറ്റത്തിനെതിരെയും നികത്തലിനെതിരെയും സമരം നടത്താറുള്ള സി.പി.എമ്മിലെ ചില നേതാക്കൾ അടുത്ത കാലങ്ങളിലായി ചില നീക്കുപോക്കുകൾക്ക് വശംവദരാകുന്നുണ്ടെന്ന് ലോക്കൽ കമ്മിറ്റിയിലെ ചിലർ ചൂണ്ടിക്കാട്ടി. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരോപണവിധേയരായതിനാൽ എ.എ. അലക്സ്, സി.കെ. മുകുന്ദൻ തുടങ്ങിയവരെ അംഗങ്ങളായി കമീഷനെ നിയമിച്ചു. കൈയേറ്റത്തിന്റെ സത്യാവസ്ഥ അറിയുന്നതിനാണ് കമീഷനെ നിയോഗിച്ചത്.
വ്യാഴാഴ്ച കൂടുന്ന ലോക്കൽ കമ്മിറ്റിയിൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.